ഗതാഗത നിയന്ത്രണം, സ്‌കൂളുകളും മാര്‍ക്കറ്റുകളും അടച്ചു; യുഎസ് - ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് പാകിസ്താന്‍

ഇസ്ലാമാബാദിലുടനീളം പൊലീസ് ഗാര്‍ഡുകള്‍ ചെക്ക്‌പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്

ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിൻ്റെ ഭാവി അറിയാൻ ലോകം മുഴുവന്‍ പാകിസ്താനില്ക്ക് ഉറ്റുനോക്കുന്നു. ഏപ്രില്‍ 11ന് പാകിസ്താനാണ് യുഎസ് ഇറാന്‍ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യോഗത്തിന് മുന്നോടിയായി കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പാകിസ്താന്‍ ഒരുക്കുന്നത്. പ്രധാന റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സുരക്ഷാ സേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

നഗരത്തിലെ റെഡ് സോണ്‍ കനത്ത സുരക്ഷയിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇസ്ലാമാബാദില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നതില്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെൻ്റ്, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആഢംബര ഹോട്ടലുകള്‍, എമ്പസികള്‍, വിദേശ സംഘടനാ ഓഫീസുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന റെഡ് സോണിലെ റോഡുകളില്‍ സിവിലിയന്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. ഇസ്ലാമാബാദിലുടനീളം പൊലീസ് ഗാര്‍ഡുകള്‍ പരിശോധനാ പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം സന്ദര്‍ശകരുടെ യാത്ര സുഖമമാക്കാന്‍ അധികൃതര്‍ ഗതാഗതം വഴിതിരിച്ച് വിടാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

യുഎസില്‍ നിന്നും 30അംഗ സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഇസ്ലാമാബാദില്‍ എത്തിയിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയ്ക്ക് മുന്നോടിയായി അധികൃതര്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തലസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളും കടകളും അടക്കം അടച്ചു. അതേസമയം ചര്‍ച്ചയ്ക്കായി എത്തുന്ന എല്ലാവര്‍ക്കും വിസ അനുവദിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനിച്ചതായി പാക് ആഭ്യന്തര മന്ത്രായലത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയുടെ ഭാഗമായി എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Content Highlights: Pakistan has shut schools and markets while ramping up security measures ahead of critical US-Iran diplomatic talks

To advertise here,contact us