'വെടിനിര്‍ത്തലോ യുദ്ധമോ, ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം'; ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ USനോട് ഇറാന്‍

ലെബനനില്‍ നടത്തുന്ന ആക്രമണത്തിന് വെടിനിര്‍ത്തല്‍ കരാറുമായി ബന്ധമില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം

തെഹ്‌റാന്‍: ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതില്‍ ശക്തമായ പ്രതികരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഒന്നുകില്‍ അമേരിച്ച വെടിനിര്‍ത്തല്‍ തെരഞ്ഞെടുക്കണം, അല്ലെങ്കില്‍ ഇസ്രയേലുമായി ചേര്‍ന്ന് യുദ്ധം തുടരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ബെയ്‌റൂട്ടിലും സമീപ പ്രദേശങ്ങളിലും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ലെബനനില്‍ നടത്തുന്ന ആക്രമണത്തിന് വെടിനിര്‍ത്തല്‍ കരാറുമായി ബന്ധമില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

'ഇറാന്‍ - യുഎസ് വെടിനിര്‍ത്തല്‍ തീരുമാനം വ്യക്തവും ഒരാശങ്കയ്ക്കും വകയില്ലാത്തതുമാണ്, യുഎസ് ഒന്നുകില്‍ വെടിനിര്‍ത്തല്‍ അല്ലെങ്കില്‍ ഇസ്രയേലുമായി ചേര്‍ന്ന് നടത്തുന്ന യുദ്ധം തെരഞ്ഞെടുക്കണം. രണ്ടുകൂടി അനുവദിക്കാന്‍ കഴിയില്ല'- പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് അരാഗ്ചി എക്‌സില്‍ കുറിച്ചു. ലെബനനില്‍ നടക്കുന്ന കൂട്ടക്കുരുതി ലോകം കാണുന്നുണ്ട്. ഇപ്പോള്‍ പന്ത് യുഎസിന്റെ കോര്‍ട്ടിലാണ്. അവരുടെ ഉത്തരവാദിത്തങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ലോകം വീക്ഷിക്കുന്നുണ്ടെന്നും അരാഗ്ചി പോസ്റ്റില്‍ പറയുന്നു.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ വെടിനിര്‍ത്തലിന്റെ ഭാഗമാകുന്നെന്നും ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് അരാഗ്ചിയുടെ പോസ്റ്റ്. രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 254 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.

അതേസമയം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് കൊണ്ടാണ് പ്രതികരിച്ചത്. ഇറാനും അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മാത്രമുള്ളതാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്നും അതില്‍ ലെബനന്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് ബുഡാപെസ്റ്റില്‍ സംസാരിക്കവേ വാന്‍സ് പറഞ്ഞത്. കരാറിന്റെ ഭാഗമല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് ലെബനന് വേണ്ടി സമാധാന ചര്‍ച്ചകള്‍ തകര്‍ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത് മൂഢത്വമാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Iran warns the United States to choose between ceasefire or continued war as tensions escalate over Lebanon amid ongoing Israeli strikes

To advertise here,contact us