ചരിത്ര ദൗത്യത്തിനൊരുങ്ങി നാസ; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്

നാസയുടെ കരുത്തുറ്റ എസ്എല്‍എസ് റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്

വാഷിങ്ടണ്‍: ചരിത്ര ദൗത്യത്തിനൊരുങ്ങി നാസ. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 ദൗത്യം വ്യാഴാഴ്ച നടക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാളെ പുലര്‍ച്ചെ 3.45നാണ് വിക്ഷേപണം നടക്കുന്നത്. നാസയുടെ കരുത്തുറ്റ എസ്എല്‍എസ് റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്. റോക്കറ്റില്‍ ക്രയോജനിക് ഇന്ധനം നിറച്ചു. കാലാവസ്ഥ അനുകൂലമാണെന്ന് നാസ അറിയിച്ചു.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും ക്രിസ്റ്റീന കോച്ച്. ചന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയാകും ഹാന്‍സന്‍. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് തത്സമയ സംപ്രേഷണം ആരംഭിക്കും. വിക്ഷേപണത്തിനായുള്ള അന്തിമ തയ്യാറെടുപ്പും കൗണ്ട് ഡൗണും പ്രേക്ഷകര്‍ക്ക് തത്സമയം കാണാം. നാസ, നാസ ടിവി എന്നീ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബിലും തത്സമയ സ്ട്രീമിങ് ഉണ്ടാകും.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യംകൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെയാണ് സംഘം തിരിച്ചെത്തുന്നത്.

Content Highlights- NASA is gearing up for a historic mission to send humans back to the Moon, marking the first such effort in 54 years.

To advertise here,contact us