'അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചു'; അവകാശവാദവുമായി ട്രംപ്

ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ കൂടുതല്‍ സൂചനകളും പുറത്തുവന്നു

അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാൽ ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ കൂടുതല്‍ സൂചനകളും പുറത്തുവന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കി. സംവാദവും നയതന്ത്രവും' മാത്രമാണ് യുദ്ധ പ്രതിസന്ധിക്ക് പരിഹാരമെന്ന് മധ്യസ്ഥ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി.

ഇറാനെതിതെ യുഎസ് ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് അമേരിക്ക മുന്നോട്ട് വെച്ച പതിനഞ്ചിന നിര്‍ദ്ദേശങ്ങളില്‍ മിക്കവയും ഇറാന്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങളിലും യുഎസ് സമ്മര്‍ദ്ദം ചെലുത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വളരെ നല്ല കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നും പ്രധാന വിഷയങ്ങളില്‍ അര്‍ഥവത്തായ പുരോഗതിയുണ്ടെന്നും പ്രതിബദ്ധതയുടെ സൂചനയായി ഇറാന്‍ വലിയ അളവില്‍ എണ്ണയും നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇതിനുപുറമെ 20 എണ്ണക്കപ്പലുകള്‍ കൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിന്റെ 15 ഇനങ്ങളുടെ പദ്ധതിയുടെ പൂര്‍ണ്ണമായ രേഖ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. ഇറാന്റെ ആണവ പരിപാടി നിര്‍ത്തലാക്കുന്നതിലാണ് പ്രാരംഭമായി പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതേസമയം റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ അലിറേസ താങ്സിരി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്ത് വന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. സംവാദവും നയതന്ത്രവും' മാത്രമാണ് യുദ്ധ പ്രതിസന്ധിക്ക് പരിഹാരമെന്ന് സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിേദശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉന്നത തല യോഗം വിലയിരുത്തി. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദില്‍ ഇനി യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ സാധ്യതകളും പാകിസ്ഥാന്‍ പങ്കുവച്ചു.

Content Highlights: Donald Trump claims that Iran has accepted 15 proposals put forward by the United States, signaling a possible shift in US-Iran relations amid ongoing geopolitical tensions.

To advertise here,contact us