കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം അടിച്ചമര്‍ത്തിയതിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ. കാർക്കി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേപ്പാള്‍ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിഞ്ജ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെ പി ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു. നേപ്പാളിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെൻസി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെ പി ശർമ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി 10 വർഷം വരെ തടവ് ശിക്ഷ നൽകാൻ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്ക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
Content Highlight : Former Nepal Prime Minister KP Sharma Oli has been arrested over his alleged involvement in last year's deadly Gen Z protests - a day after Balendra Shah took oath as the new premier