ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങളെ തകർക്കുമെന്ന് ട്രംപ്;തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാൻ്റെ ഊർജനിലയങ്ങൾക്കെതിരെ എന്ത് ആക്രമണമുണ്ടായാലും കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ്റെ മറുപടി

തെഹ്റാൻ: ഹോർമൂസ് ഉപരോധത്തിൽ ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങളെ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പറഞ്ഞ സമയത്തിനുള്ളിൽ ഹോർമൂസ് ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാൻ്റെ ഊർജ നിലയങ്ങളെ അമേരിക്ക ആക്രമിച്ച് ഇല്ലാതാക്കുമെന്നാണ് ട്രംപ് തൻ്റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഭീഷണി.

എന്നാൽ ഇറാൻ്റെ ഊർജനിലയങ്ങൾക്കെതിരെ എന്ത് ആക്രമണമുണ്ടായാലും കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ മറുപടി നൽകിയത്. ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം. ഇറാൻ്റെ സൈനിക കമാൻഡ് ഖതം അൽ-അൻബിയാണ് അമേരിക്കയ്ക്ക് മറുപടി നൽകിയത്. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ അമേരിക്കയുടെ എല്ലാ ഊർജ്ജം, വിവരസാങ്കേതികവിദ്യ, ശുദ്ധികരണശാലകൾ എന്നിവ കേന്ദ്രീകരിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാനിയൻ കമാൻഡ് വ്യക്തമാക്കിയത്.

അതേസമയം സൗദി അറേബ്യയിലെ ഇറാനിയൻ എംബസിയിലെ സുരക്ഷാ ഉദ്യോ​ഗസ്ഥനോടും മറ്റ് രണ്ട് ഇറാനിയൻ പ്രതിനിധികളോടും രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാനിൽ നടക്കുന്ന സംഘർഷം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പ്രതിരോധ മന്ത്രാലയത്തിൻ്റെ പുതിയ നടപടി. അതൊടൊപ്പം തന്നെ ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാനിയൻ ആക്രമണങ്ങളെ സൗദി അറേബ്യ ആവർത്തിച്ച് അപലപിക്കുകയും ചെയ്തു.

Content Highlights: Trump threatens to destroy Iran's power plants if Strait of Hormuz is not opened; Iran threatens to retaliate

To advertise here,contact us