100 ശതമാനം ഡീപ്‌ഫേക്ക്; നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് ഗ്രോക്ക്

കോഫിയുമായുള്ള നെതന്യാഹുവിന്റെ പുതിയ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ ഡീപ്‌ഫേക്കാണെന്ന ഉത്തരമാണ് ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കാണ് ഈ വീഡിയോ എഐ നിര്‍മിതമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കോഫിയുമായുള്ള നെതന്യാഹുവിന്റെ പുതിയ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ ഡീപ്‌ഫേക്കാണെന്ന ഉത്തരമാണ് ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെല്‍ അവീവിലെ കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ എഐയാണെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മിഷ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗ്രോക്കിനോട് നെതന്യാഹുവിന്റെ വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന ചോദ്യം ചോദിക്കുന്നത്. ഡീപ്‌ഫേക്കാണെന്ന് ഗ്രോക്ക് ഉത്തരം നല്‍കിയപ്പോള്‍ ഉറപ്പാണോ എന്ന് മിഷ് വീണ്ടും ചോദിക്കുന്നുണ്ട്. തുറന്ന് '100ശതമാനം ഡീപ് ഫേക്കാണ്' എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയത്. 'ഇത് 100 ശതമാനവും അഡ്വാന്‍സ്ഡായിട്ടുള്ള എഐ ഡീപ്‌ഫേക്കാണ്. ഇങ്ങനൊരു സംഭവം നിലവിലില്ല. ഇത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല', എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മരണ അഭ്യൂഹങ്ങളെയും 'ആറ് വിരലുകള്‍' എന്ന അവകാശവാദത്തെയും പരിഹസിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ എക്‌സ് അക്കൗണ്ടില്‍ കോഫി ഷോപ്പില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചത്. 'ഞാന്‍ ആരാണെന്നാണ് അവര്‍ പറയുന്നത്?' എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്.

ആറ് വിരലുകള്‍ എന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ രണ്ട് കൈപ്പത്തികളും അഞ്ച് വിരലുകള്‍ പ്രദര്‍ശിപ്പിച്ചുള്ള നെതന്യാഹുവിന്റെ വീഡിയോയാണ് എക്‌സില്‍ പങ്കുവെച്ചത്. ഇസ്രയേല്‍, യുഎസ്- ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദേഹത്തിന്റെ പരിഹാസ പ്രതികരണം.

യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരുന്നത്. വീഡിയോയിലെ ചില ഭാഗങ്ങളില്‍ നെതന്യാവിന്റെ കൈക്ക് ആറ് വിരലുകള്‍ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചര്‍ച്ച ചൂടുപിടിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടെന്ന ചര്‍ച്ചയാണ് പ്രധാനമായും ഉയരുന്നത്.

Content Highlights: Grok says Benjamin Netanyahu s new video is also AI

To advertise here,contact us