'എപ്പിക്ക് ഫ്യൂരി' തുടരും, ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ല, വേണ്ടിവന്നാൽ കരയുദ്ധം: ഡോണൾഡ് ട്രംപ്

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാന്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി

വാഷിംഗ്ടൺ: അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ 'എപ്പിക്ക് ഫ്യൂരി' തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. 'ഇറാൻ അമേരിക്കൻ മുന്നറിയിപ്പുകൾ അവ​ഗണിച്ച് ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. അവരെ ഒരിക്കലും ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു' ട്രംപിൻ്റെ പ്രതികരണം.

നിലവിൽ ഇറാൻ്റെ മിസൈൽ ശേഖരങ്ങളും സുരക്ഷ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിവരുകയാണെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം എത്രകാലം വരെയും തുടരാൻ അമേരിക്ക തയ്യാറെണെന്നും കരയുദ്ധത്തെ കുറിച്ചും ചിന്തിക്കേണ്ട സാഹചര്യമുണ്ടെന്നും ട്രംപ് പറഞ്ഞും. നിലവിൽ നാലാഴ്ച്ച വരെ സംഘർഷം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഓബാമയുടെ കാലത്ത് അമേരിക്ക ഇറാനുമായി നടത്തിയ ആണവ കരാർ ചർച്ചകൾ വെറും പരാജയമായിരുന്നെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനെതിരായ യുഎസ് ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു ട്രംപ്.

Content Highlights: US President Donald Trump responds to US attack on Iran. Trump says Operation 'Epic Fury' will continue

To advertise here,contact us