ടെൽ അവീവ്: ഗാസ സമാധാനപദ്ധതിയെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ സന്ദർശനത്തിനിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണപിന്തുണയെന്ന് വ്യക്തമാക്കിയത്. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് ഉൾപ്പെടെ, മേഖലയിലെ ജനങ്ങൾക്ക് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഈ കരാർ നൽകുമെന്നാണ് വിശ്വാസമെന്നും മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഹൃദ്യമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേൽ പാർലമെന്റിൽ ലഭിച്ചത്. പിന്നീട് നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസയെ പരാമർശിച്ചത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രയേലും ഒറ്റക്കെട്ടായി മുന്നേറുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. എവിടെയായാലും തീവ്രവാദം സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രയേലിനെപ്പോലെ ഇന്ത്യയും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് കൈക്കൊള്ളുന്നത് എന്നും മോദി പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പരാമർശിച്ചു. ആക്രമണത്തിൽ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മോദി ഇന്ത്യൻ ജനതയുടെ അനുശോചനം അറിയിച്ചു. അവരുടെ വേദന മനസിലാക്കുന്നുവെന്നും ഇന്ത്യ എല്ലാസമയവും ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും മോദി പറഞ്ഞു. ഒരു കാരണവശാലും ഭീകരതയെയും സാധാരണക്കാരുടെ കൊലപാതകത്തെയും ന്യായീകരിക്കാൻ കഴിയില്ല എന്നും മോദി കൂട്ടിച്ചേർത്തു.
ഭീകരതയോട് ഇരട്ടത്താപ്പില്ലാത്ത നയമാണ് ഇന്ത്യക്കുള്ളത് എന്നും മോദി പറഞ്ഞു. സമൂഹത്തെ അസ്ഥിരപ്പെടുത്തുക, വികസനം തടയുക, വിശ്വാസം ഇല്ലാതെയാക്കുക എന്നതെല്ലാമാണ് ഭീകരവാദത്തിന്റെ ലക്ഷ്യം. അവയെ നേരിടുന്നതിന് സുസ്ഥിരമായ, എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ആഗോള നടപടി ആവശ്യമാണ്. ഭീകരത എല്ലായിടത്തും ഭീഷണിയാണ്. അതിനാലാണ് ഇന്ത്യ ഇത്തരം ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതെന്നും മോദി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലി പൗരമാരെ താൻ ഈ നിമിഷത്തിൽ ഓർക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ എത്തിയത്. മോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യയും വിമാനത്താവളത്തിൽ വെച്ച് സ്വീകരിച്ചിരുന്നു. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. നിർണായക പ്രതിരോധ- വാണിജ്യകരാറുകളിൽ ഇരുരാജ്യങ്ങളും ഇന്ന് ഒപ്പിടുമെന്നാണ് വിവരം.
Content Highlights: Prime Minister Narendra Modi announces India’s full support for the Gaza peace plan during his address at the Israeli Parliament, reaffirming India’s commitment to peace and stability in the Middle East.