ഇസ്ലാമാബാദ്: ഇന്ത്യയില് രണ്ട് പേർക്ക് നിപ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കടുപ്പിച്ച് പാകിസ്താന്. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പാക് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബര് അവസാനത്തില് ഇന്ത്യയില് രണ്ട് നിപ കേസുകള് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനില് ജാഗ്രത നിര്ദേശം പുറപ്പെടുവിച്ചത്.
എല്ലാ യാത്രക്കാരും പോയിന്റ് ഓഫ് എന്ട്രിയില് വച്ച് താപനില പരിശോധിക്കുകയും ക്ലിനിക്കല് ചെക്കപ്പ് നടത്തുകയും വേണമെന്ന് പാകിസ്താന്റെ നിര്ദേശമുണ്ട്. തുറമുഖങ്ങള്, അതിര്ത്തികള്, വിമാനത്താവളങ്ങള് എന്നിവിടങ്ങളില് സുരക്ഷാ പരിശോധനകള് കര്ശനമാക്കിയിട്ടുണ്ട്. നിപ ബാധിത പ്രദേശങ്ങളിലൂടെയോ അതുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലൂടെയോ സഞ്ചരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാന് കഴിഞ്ഞ 21 ദിവസങ്ങളിലെ യാത്രാ വിവരങ്ങള് കൂടി നല്കാനും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്താന് പുറമേ തായ്ലാന്ഡ്, സിങ്കപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യന് രാജ്യങ്ങളും നിപ പരിശോധന കര്ശനമാക്കിയിട്ടുണ്ട്. ഡിസംബര് അവസാനത്തോടെയാണ് പശ്ചിമ ബംഗാളിലെ രണ്ട് ആരോഗ്യപ്രവര്ത്തകര്ക്ക് നിപ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല് രോഗികളുമായി സമ്പര്ക്കത്തില് വന്ന 198 പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഇന്ത്യയില് രോഗം പടര്ന്ന് പിടിക്കുന്ന സാഹചര്യമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങളിൽ സ്ക്രീനിങ് ഏര്പ്പെടുത്താന് നിലവില് പദ്ധതിയില്ലെന്നും അധികൃതര് വ്യക്തമാക്കി.
Content Highlight; Pakistan strengthens border screening for Nipah virus following reported cases in India