വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വധഭീഷണിയുമായി ഇറാൻ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഒരു ചിത്രവും അതിന് താഴെ ഒരു അടിക്കുറിപ്പും സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
2024ലെ അമേരിക്കൻ ഇലക്ഷൻ പ്രചരണത്തിനിടെ പെൻസിൽവാനിയയിലെ ബട്ലറിൽ വെച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ ചിത്രവും അതിന് താഴെ 'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം പിഴക്കില്ല' എന്ന അടിക്കുറിപ്പുമാണ് സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തത്.
ഒരു വശത്ത് ഇറാനിൽ വർധിച്ചുവരുന്ന പ്രതിഷേധങ്ങൾ മറുവശത്ത് പ്രക്ഷോഭകർക്ക് പിന്തുണയും സഹായവും പ്രഖ്യാപിക്കുന്ന ട്രംപിന്റെ ഇടപെടൽ. ഇതെല്ലാം ചില്ലറയൊന്നുമല്ല ഇറാൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ട്രംപ് ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ആവശ്യമെങ്കിൽ അമേരിക്ക, ഇസ്രയേൽ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തിരിച്ചടിച്ചിരുന്നു.
രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുമ്പോൾ അതിനിടയിൽ ട്രംപ് നടത്തുന്ന ഇടപെടലുകൾ എത്രത്തോളം ഇറാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രദർശിപ്പിച്ച ചിത്രവും അടിക്കുറിപ്പും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: An assassination threat to Donald Trump was made by Iranian State Television through the broadcast of an image accompanied by a caption 'this time bullet won't miss'.