കാത്തിരുന്ന് കാണാമെന്ന് ട്രംപ്; ഇറാനിൽ പ്രതിഷേധത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും തീവ്രത കുറഞ്ഞെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങൾക്ക് കാരണമായ ചില സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

ന്യൂയോർക്ക്: ഇറാനിലെ സംഭവവികാസങ്ങൾ കാത്തിരുന്ന് കാണുമെന്ന നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഭരണകൂടത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തലിൽ കൊലപാതകങ്ങൾ കുറഞ്ഞ് വരികയാണെന്നും വധശിക്ഷകൾക്കുള്ള പദ്ധതിയില്ലെന്നും താൻ വിശ്വസിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കൊലപാതകങ്ങൾ നിലച്ചുവെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യത്തിന് മറുവശത്തെ വളരെ പ്രധാനപ്പെട്ട സ്രോതസ്സുകൾ എന്നായിരുന്നു ട്രംപിൻ്റെ മറുപടി.

കരാജ് നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 വയസ്സുകാരൻ ഇർഫാൻ സോൾട്ടാനിയ്ക്ക് വധശിക്ഷ നൽകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 'ഇത് നല്ല വാർത്തയാണ്. പ്രതീക്ഷിക്കാം, ഇത് തുടരും!' എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ട്രംപിൻ്റെ പ്രതികരണം.

ഇർഫാൻ സോൾട്ടാനിയെ ബുധനാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് മാറ്റിവച്ചതായി ഇർഫാൻ സോൾട്ടാനിയുടെ ബന്ധുക്കളെ ഉദ്ധരിച്ച് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. 'ആഭ്യന്തര സുരക്ഷയ്ക്കും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾക്കും സോൾട്ടാനിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും, അത്തരം കുറ്റങ്ങൾക്ക് വധശിക്ഷ ബാധകമല്ലെ'ന്ന് ഇറാനിയൻ ഔദ്യോ​ഗിക മാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ ഇറാനിലെ പ്രതിഷേധങ്ങളുടെ തീവ്രത കുറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധങ്ങൾക്ക് കാരണമായ ചില സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി, വിദേശനാണ്യ നിരക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇത് ദരിദ്രരുടെ വാങ്ങൽ ശേഷി മെച്ചപ്പെടുത്തുമെന്നും ഇറാൻ പ്രസി‍ഡൻ്റ് പറഞ്ഞു.

ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിലെ ഭരണാധികാരിയായിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനും ഇറാനിലെ പ്രതിപക്ഷത്തിൻ്റെ മുഖവുമായി വിശേഷിപ്പിക്കപ്പെടുന്ന റെസ പഹ്‌ലവിയെ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ് പ്രകീ‍ർത്തിച്ചിരുന്നു. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട റെസ പഹ്‌ലവി വളരെ നല്ലവനായി തോന്നുന്നു എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഇറാനിൽ സ്വന്തം നിലയിൽ പിന്തുണ നേടി അധികാരം ഏറ്റെടുക്കാൻ റെസ പഹ്‌ലവിക്ക് കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.

റെസ പഹ്‌ലവിക്ക് പൂർണ്ണ പിന്തുണ നൽകാനും ട്രംപ് മടിച്ചു. 'അദ്ദേഹം വളരെ നല്ലവനാണെന്ന് തോന്നുന്നു, പക്ഷേ സ്വന്തം രാജ്യത്ത് അദ്ദേഹം എങ്ങനെ പ്രവർത്തിക്കുമെന്ന് എനിക്കറിയില്ല. നമ്മൾ ഇതുവരെ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, തീർച്ചയായും അവർ അംഗീകരിക്കുകയാണെങ്കിൽ, അത് എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാനിലെ പൗരോഹിത്യ നിയന്ത്രണത്തിലുള്ള സർക്കാർ തകരാൻ സാധ്യതയുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഹ്‌ലവിയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ളവർ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇറാനിൽ രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നത്. ഇറാനിയൻ റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിൽ മരണസംഖ്യ 2000 കടന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരുന്നു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർ​​​ഗങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്തിട്ടുണ്ട്.

Content Highlights: President Trump stated he'll "watch and see" on Iran after assurances that protester killings have stopped and executions halted.

To advertise here,contact us