പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും; ഇറാന് വീണ്ടും കർശന മുന്നറിയിപ്പുമായി ട്രംപ്

ഇറാനിലെ പ്രക്ഷോഭകർക്ക് പിന്തുണ നൽകി ട്രംപ്. പ്രതിഷേധങ്ങൾ തുടരണമെന്നും സഹായം വഴിയേ എത്തുമെന്നും ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂട വിരുദ്ധതക്കെതിരെ പ്രതിഷേധിച്ച 26 വയസ്സുകാരൻ ഇർഫാൻ സോൾട്ടാനിയെ ബുധനാഴ്ച വധശിക്ഷക്ക് വിധേയനാക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ഇർഫാന്റെ കുടുംബത്തിനാണ് വിവരം ലഭിച്ചത്. ഇക്കാര്യം കുടുംബം ബിബിസി പേർഷ്യനോട് വെളിപ്പെടുത്തുകയായിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ഇർഫാൻ സോൾട്ടാനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പത്ത് മിനിറ്റ് നേരം അനുവദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പ്രക്ഷേഭത്തിൽ പങ്കെടുത്തതിന് പിന്നാലെ ഇർഫാൻ സോൾട്ടാനിയെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കുടുംബം ഇർഫാൻ സോൾട്ടാനിയെ അറസ്റ്റ് ചെയ്ത വിവരവും ശിക്ഷാവിധി സംബന്ധിച്ചും കുടുംബത്തെ അറിയിച്ചത്.

സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇറാനെ സഹായിക്കാൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. 'സഹായം വഴിയെ എത്തും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ തന്നെ അമേരിക്ക ഇറാനിലെ പ്രക്ഷോഭകർക്ക് പിന്തുണ അറിയിക്കുകയും നിരവധി തവണ ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

സോൾട്ടാനിയെ പോലെ വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന നിരവധി പ്രതിഷേധക്കാർ ഉണ്ടെന്ന് കരുതുന്നതായി ഹെൻഗോ മനുഷ്യാവകാശ സംഘടനയിലെ അവൈർ ഷേഖിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ഏകദേശം 2400 പേർ ഇതിനോടകം കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു മനുഷ്യാവകാശ സംഘടനയും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇറാനിൽ പ്രക്ഷോഭം കനത്തതോടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് 25% തിരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു. കൂടാതെ നിരവധി കർശന മുന്നറിയിപ്പുകളും അമേരിക്ക ഇറാന് നൽകിയിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകളെയെല്ലാം പ്രതിരോധിക്കുന്ന സമീപനമാണ് ഇറാൻ പുലർത്തുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പൈശാചികമായ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ ചെറുക്കുമെന്നും ആവശ്യമെങ്കിൽ അമേരിക്കയെയും ഇസ്രായേലിനെയും ആക്രമിക്കുമെന്നും പറഞ്ഞു. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചുകൊണ്ട് പ്രക്ഷോഭം തുടരാനുള്ള ട്രംപിന്റെ ആഹ്വാനത്തിന് തൊട്ട് പിന്നാലെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

കൂടാതെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന സമീപനം തന്നെയാണ് ഇറാനിയൻ സുപ്രീം കോടതിയും പുലർത്തുന്നത്. തടവിൽ കഴിയുന്ന പ്രക്ഷോഭകരുടെ വിചാരണ എത്രയും വേഗം തീർപ്പാക്കി ശിക്ഷ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈൻ മൊഹ്‌സെനി എജെയ് വെളിപ്പെടുത്തി. പ്രത്യേകിച്ച് ആൾക്കൂട്ട ആക്രമണം, സുരക്ഷ സേനക്ക് നേരെയുള്ള ആക്രമണം, സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തിയവരുടെ ശിക്ഷയായിരിക്കും കാലതാമസമില്ലാതെ ആദ്യം നടപ്പിലാക്കുക എന്നും ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി.

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്തതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12 പുരുഷന്മാരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. 2022ൽ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തോടെ ഇറാൻ കൂടുതൽ പ്രക്ഷുഭ്തമായത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ല എന്നാരോപിച്ചാണ് മഹ്‌സ അമിനിയെ കസ്റ്റഡിയിൽ എടുത്തത്. മഹ്‌സ അമിനിയുടെ മരണശേഷം 'സ്ത്രീകൾക്കും ജീവനും സ്വാതന്ത്ര്യത്തിനും വേണ്ടി'യുള്ള പ്രക്ഷോഭം എന്ന നിലയിലേക്ക് ഇറാനിലെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു.

Content Highlights: US President Donald Trump issued a stern warning to Iran, vowing "very strong action" if the regime executes anti-government protesters amid ongoing deadly crackdowns and reports of planned hangings, including protester Erfan Soltani.

To advertise here,contact us