വെനസ്വേലയില്‍ യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ

കാരക്കാസ്: വെനസ്വേലയില്‍ യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് മഡൂറോ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ആരോപിച്ചു.

തലസ്ഥാനമായ കാരക്കാസില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. വിമാനങ്ങള്‍ താഴ്ന്ന് പറക്കുന്ന ശബ്ദങ്ങള്‍ കേട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ തുടരുന്നതിനിടെയാണ് സ്‌ഫോടനം. നഗരത്തില്‍ വൈദ്യുത തടസം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

കാരക്കാസിന് പുറമെ മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലം ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായാണ് വിവരം. സ്ഫോടനത്തെക്കുറിച്ച് യുഎസ് അധികൃതർ പ്രതികരിച്ചിട്ടില്ല.

തങ്ങൾ താമസിച്ചിരുന്ന മുറിയുടെ ജനലുകൾ അടക്കം പൊട്ടിത്തെറിക്ക് പിന്നാലെ നടുങ്ങിയെന്ന് സിഎൻഎൻ റിപ്പോർട്ടർ ഓസ്മാരി ഫെർണാണ്ടസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായെന്നും പൊട്ടിത്തെറിക്ക് പിന്നാലെ വിമാനങ്ങളുടെ ശബ്ദം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: venezuela alleges us attack as conflict fears grow across latin america region today

To advertise here,contact us