വാഷിംഗ്ടണ്: ഇറാനില് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്ക്ക് നേരെ വെടിയുതിര്ത്താല് അമേരിക്ക ഇടപെടുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അമേരിക്ക ഇറാനിലെ പ്രതിഷേധക്കാരുടെ രക്ഷയ്ക്കെത്തുമെന്നും തങ്ങള് അതിന് സജ്ജമാണെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇറാന് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്കിയത്. 'ഞങ്ങള് തയ്യാറായിക്കഴിഞ്ഞു. പോകാന് സജ്ജരാണ്': ട്രംപ് ട്രൂത്ത് സോഷ്യലില് കുറിച്ചു. ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയിരുന്നു. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നശിപ്പിക്കുമെന്നാണ് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞത്.
ഡോളറിനെതിരെ ഇറാനിയന് റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില് പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ടെഹ്റാനില് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ചൊവ്വാഴ്ച്ച വിവിധ സര്വകലാശാലകളിലെ വിദ്യാര്ത്ഥികള് പ്രകടനങ്ങളില് പങ്കെടുത്തതോടെ പ്രതിഷേധം ശക്തമായി. ചിലയിടങ്ങളില് പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭത്തില് ഇതുവരെ ഏഴുപേര് കൊല്ലപ്പെട്ടതായാണ് രാജ്യാന്തര വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് സംഘര്ഷത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടെന്നും 13 പേര്ക്ക് പരിക്കേറ്റെന്നുമാണ് ഇറാന് അധികൃതര് സ്ഥിരീകരിക്കുന്നത്.
കറന്സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് ഇറാനില് പ്രതിസന്ധി രൂക്ഷമായത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഡിസംബറില് നാണ്യപ്പെരുപ്പം 42.5 ശതമാനമായി ഉയര്ന്നു. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങള്ക്കും തീവിലയായി. കടകള് അടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പിന്നാലെ വിദ്യാര്ത്ഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യമാകെ പടര്ന്നുപിടിക്കുകയായിരുന്നു.
Content Highlights: america will intervene if iran kills people protesting peacefully says donald trump