ഒട്ടാവ: ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെതിരെ അറസ്റ്റ് ഭീഷണിയുമായി കാനഡ പ്രധാനമന്ത്രി മാര്ക് കാര്ണി. നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല് കോടതി (ഐസിസി)യുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് കാര്ണി വ്യക്തമാക്കി. നെതന്യാഹു കാനഡയില് കാലു കുത്തിയാല് ഐസിസി ഉത്തരവ് പ്രകാരം നെത്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കാര്ണി പറഞ്ഞു.
ബ്ലൂംബെര്ഗിലെ ദ മിഷേല് ഹുസൈന് ഷോ എന്ന പരിപാടിയില് സംസാരിക്കുമ്പോഴായിരുന്നു കാര്ണിയുടെ പരാമര്ശം. ഗാസ സംഘര്ഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള് എന്നിവയുമായി ബന്ധപ്പെട്ട കേസുകളില് നെതന്യാഹുവിനെ തടങ്കലില് വെക്കാനുള്ള മുന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഐസിസിയിലെ അംഗരാജ്യമെന്ന നിലയില് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാന് ബാധ്യതയുണ്ടെന്ന് കാര്ണി വ്യക്തമാക്കി. നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന് ആദ്യമായാണ് സഖ്യകക്ഷിയായ ഒരു പാശ്ചാത്യരാഷ്ട്രം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്ഷം നവംബര് 21നാണ് ഐസിസി നെതന്യാഹുവിനും ഇസ്രയേല് മുന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഗാസയില് ഇരുവരും യുദ്ധക്കുറ്റം ചെയ്തെന്നും മനുഷ്യത്വത്തിനെതിരായ ക്രൂരതയാണ് നടക്കുന്നതെന്നും വ്യക്തമാക്കിയായിരുന്നു അറസ്റ്റ് വാറണ്ട്. 2023 ഒക്ടോബര് എട്ടിനും 2024 മെയ് 20നുമിടയില് ഗാസയില് വലിയ അതിക്രമത്തിനാണ് നെതന്യാഹു നേതൃത്വം നല്കിയതെന്ന് അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ നിലനില്പ്പിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് അടക്കമുള്ള അവശ്യ സാധനങ്ങള് ലഭ്യമാക്കുന്നതിന് ഇസ്രയേല് തടസം നിന്നു. അങ്ങനെ വിശ്വസിക്കാന് ന്യായങ്ങളുണ്ടെന്നും കോടതി ഐസിസി വ്യക്തമാക്കിയിരുന്നു.
Content Highlights: Mark Carney says they will arrest Benjamin Netanyahu when he enters Canada