ഗ്രേറ്റയടക്കമുള്ള ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്രയേല്‍; ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം

ഇസ്രയേല്‍ തടവറയില്‍ നിന്നും ക്രൂരമായ അനുഭവങ്ങളാണുണ്ടായതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ആക്ടിവിസ്റ്റുകള്‍

ടെല്‍ അവീവ്: ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടിലയില്‍ നിന്നും തടവിലാക്കിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ നാടുകടത്തിയതായി ഇസ്രയേല്‍. ഗ്രേറ്റയോടൊപ്പം 170 ആക്ടിവിസ്റ്റുകളെയും വിട്ടയച്ചിട്ടുണ്ട്. ഗ്രീസിലേക്കും സ്ലോവാക്യയിലേക്കുമാണ് ആക്ടിവിസ്റ്റുകളെ നാടുകടത്തിയത്.

ഇത് രണ്ടാം തവണയാണ് ഗാസയിലേക്കുള്ള വഴിയില്‍ നിന്നും പിടികൂടി ഗ്രേറ്റയെ ഇസ്രയേല്‍ നാടുകടത്തുന്നത്. ഗ്രേറ്റ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം ഇസ്രയേല്‍ വിദേശ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ടവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും മാനിക്കപ്പെട്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇസ്രയേല്‍ തങ്ങളോട് ക്രൂരമായി പെരുമാറിയെന്ന് നേരത്തെ പറഞ്ഞുവിട്ട ഫ്‌ളോട്ടില ആക്ടിവിസ്റ്റുകള്‍ പറഞ്ഞിരുന്നു. ഇവ കളവാണെന്നും മന്ത്രാലയം ആരോപിച്ചു. നെഗേവ് മരുഭൂമിയിലെ റാമണ്‍ എയര്‍ബേസില്‍ നിന്നാണ് ഗ്രേറ്റ വിമാനം കയറിയതെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

അതേസമയം ഇസ്രയേല്‍ തടവറയില്‍ നിന്നും ക്രൂരമായ അനുഭവങ്ങളാണുണ്ടായതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ആക്ടിവിസ്റ്റുകള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇസ്രയേല്‍ ചിലരെ ഉറങ്ങാന്‍ അനുവദിച്ചില്ല, മര്‍ദ്ദിച്ചു, കൂട്ടിലടച്ചുവെന്നും അവര്‍ ആരോപിച്ചു. 'അവര്‍ ഞങ്ങളെ അടിച്ചു. ഗ്രൗണ്ടിലൂടെ വലിച്ചുകൊണ്ടുപോയി. കണ്ണ് മൂടിക്കെട്ടി, കൈകളും കാലുകളും കെട്ടിയിട്ടു, കൂട്ടിലടച്ച് അപമാനിച്ചു', സ്പാനിഷ് അഭിഭാഷകനായ റഫേല്‍ ബൊറ്‌റെഗോ പറഞ്ഞു.

ഫ്‌ലോട്ടിലകളില്‍ ഉണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രയേല്‍ നേരിട്ടത് അതിക്രൂരമായെന്ന് മറ്റ് ആക്ടിവിസ്റ്റുകളും വെളിപ്പെടുത്തിയിരുന്നു. ഗ്രേറ്റ തുന്‍ബര്‍ഗിനെ ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗ്രേറ്റയെ ഇസ്രയേല്‍ സൈന്യം മര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെറ്റയെ അവര്‍ ഇസ്രയേല്‍ പതാക പുതപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. ഗ്രെറ്റ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞതില്‍ ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. 40 ഫ്‌ലോട്ടിലകളെയാണ് ഇത്തരത്തില്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞത്. 450ലധികം ആക്ടിവിസ്റ്റുകളെയാണ് ഇസ്രയേല്‍ പിടിച്ചുവെച്ചത്.

Content Highlights: Israel deports Greta Thunberg and activists global sumud flotilla activists

To advertise here,contact us