എല്ലാ ബന്ദികളെയും വിട്ടയക്കാമെന്ന് ഹമാസ്; സ്വാഗതം ചെയ്ത് ട്രംപ്, ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഇസ്രയേൽ

എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു

ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിര്‍ദേശങ്ങളില്‍ ചില കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ നിരായൂധീകരണത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മധ്യസ്ഥതയിലൂടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.

'പലസ്തീന്‍ ദേശീയസമവായത്തോടെയും അറബ് ഇസ്ലാമിക പിന്തുണയോടെയും കൂടി ഗാസ മുനമ്പിന്റെ ഭരണം പലസ്തീന്‍ സ്വതന്ത്ര സംവിധാനത്തിന് കൈമാറാന്‍ തയ്യാറാണ്', ഹമാസ് പറയുന്നു. ട്രംപ് മുന്നോട്ട് വെച്ച, ട്രംപും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര ഗവേണന്‍സ് ബോഡിക്ക് പകരം പലസ്തീനികള്‍ ഗാസ ഭരിക്കണമെന്നാണ് ഹമാസ് പറയുന്നത്. ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ഗാസ മുനമ്പിന്റെ ഭാവിയും പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളും ഏകകണ്ഠമായ ദേശീയ നിലപാടും അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനിക്കേണ്ടതെന്നും ഹമാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹമാസിനെ ഭീഷണിപ്പെടുത്തി കൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പദ്ധതി ഭാഗികമായി അംഗീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രതികരണത്തെ ട്രംപ് സ്വാഗതം ചെയ്തു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് വിശ്വസിക്കുന്നുവെന്നും ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്നും ട്രംപ് നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ ബന്ദികളെ പെട്ടെന്നും സുരക്ഷിതവുമായി തിരിച്ചെത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹമാസിന്റെ പ്രതികരണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമ്പരപ്പ് സൃഷ്ടിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ മറുപടിയില്‍ നെതന്യാഹു തൃപ്തനല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അതേസമയം ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന ട്രംപിന്റെ പദ്ധതിയിലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയ്യാറാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. 'യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ കാഴ്ചപ്പാടില്‍ ഇസ്രയേല്‍ നിര്‍ദേശിച്ച തത്വങ്ങള്‍ക്ക് അനുസൃതമായി പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമുമായി പ്രവര്‍ത്തിക്കും', പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ഗാസ കീഴടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക' എന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

മധ്യസ്ഥരായുള്ള ഖത്തറും ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്തിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയിലെ ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് മധ്യസ്ഥരായ ഈജിപ്തും അമേരിക്കയുമായി നിര്‍ദേശത്തില്‍ ചര്‍ച്ച തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. നല്ലൊരു മാറ്റത്തിനായി പ്രതീക്ഷിക്കുന്നുവെന്ന് ഈജിപ്ത് അറിയിച്ചു. ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തലിന് വേണ്ടി അറബ് രാജ്യങ്ങളുമായും അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും പ്രവര്‍ത്തിക്കുമെന്നും ഈജിപ്ത് പറഞ്ഞു. ഗാസയിലെ ദാരുണമായ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.

Content Highlights: Hamas partially accept Gaza plan trump welcomes

To advertise here,contact us