ഞായറാഴ്ചയ്ക്കുള്ളിൽ ഉടമ്പടിയിലെത്തിയില്ലെങ്കിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഹമാസിന് നേരെയുണ്ടാകും:ട്രംപ്

ഹമാസിന്റെ അംഗങ്ങള്‍ സൈനിക വലയത്തിലാണെന്നും ട്രംപ്

വാഷിങ്ടണ്‍: ഹമാസിന് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ 20 നിര്‍ദേശങ്ങളടങ്ങിയ ഗാസ പദ്ധതിയില്‍ ഞായറാഴ്ച ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതം നേരിടുമെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ പങ്കുവെച്ചു.

'ഈ അവസാന അവസരത്തിലും ഉടമ്പടിയിലെത്തിയില്ലെങ്കില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഹമാസിന് നേരെയുണ്ടാകും. പശ്ചിമേഷ്യയില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമാധാനമുണ്ടാകും', ട്രംപ് കുറിച്ചു. ഹമാസിന്റെ അംഗങ്ങള്‍ സൈനിക വലയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ ആരാണെന്നും എവിടെയാണെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. എല്ലാ നിഷ്‌കളങ്കരായ പലസ്തീനികളും ഭാവിയില്‍ മരണത്തിന് വിധേയമാകുന്ന ഗാസയിലെ ഈ പ്രദേശത്ത് നിന്നും വിട്ടുപോകണം', ട്രംപ് പറഞ്ഞു.

അമേരിക്കന്‍ നിര്‍ദേശത്തില്‍ ഉടന്‍ തന്നെ പ്രതികരണം അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസ്സല്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവസാന തീയ്യതി കുറിച്ച് കൊണ്ട് ട്രംപ് രംഗത്തെത്തുകയായിരുന്നു. ട്രൂത്ത് പോസ്റ്റിലുടനീളം ഹമാസിനെതിരെ ട്രംപിന്റെ ഭീഷണിയുണ്ടായിരുന്നു.

ചൊവ്വാഴ്ച ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുപത് നിര്‍ദേശങ്ങളടങ്ങുന്ന ഗാസ പദ്ധതി കരാര്‍ തയ്യാറാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപത് നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇവ നെതന്യാഹു അംഗീകരിച്ചിരുന്നു.

ട്രൂത്ത് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങളായി പശ്ചിമേഷ്യയിലുള്ള അക്രമാസക്തമായ ഭീഷണിയാണ് ഹമാസ്. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയില്‍ അവര്‍ ഇസ്രയേല്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കൊന്നുകളഞ്ഞു. ഇതിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ സൈനികരുടെ ട്രാപ്പിലാണ്. 'GO' എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് അവര്‍.

നിങ്ങള്‍ എവിടെയാണെന്നും ആരാണെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. നിരപരാധികളായ എല്ലാ പലസ്തീനികളും ഈ പ്രദേശം വിട്ട് ഗാസയുടെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സഹായിക്കാന്‍ കാത്തിരിക്കുന്നവര്‍ എല്ലാവരെയും നന്നായി പരിപാലിക്കും.

ഭാഗ്യവശാല്‍ ഹമാസിന് ഒരു അവസാന അവസരം കൂടി നല്‍കുന്നു. പശ്ചിമേഷ്യയിലെ ശക്തവും വലുതും സമ്പന്നവുമായ രാജ്യങ്ങളും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും അമേരിക്കയും ഇസ്രയേലുമായി ചേര്‍ന്ന് 3000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാധാനത്തിന് വേണ്ടി ഒപ്പുവെച്ചു. ഈ കരാര്‍ ബാക്കിയുള്ള ഹമാസ് പോരാളികളുടെ ജീവന്‍ രക്ഷിക്കും. ഈ പദ്ധതിയുടെ വിവരങ്ങള്‍ ലോകത്തിന് അറിയാം. എല്ലാവര്‍ക്കും മികച്ചതായ പദ്ധതിയാണിത്. പശ്ചിമേഷ്യയില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാധാനം ഉണ്ടാകും.

അക്രമവും രക്തച്ചൊരിച്ചിലും ഇല്ലാതാകും. ഇപ്പോള്‍ തന്നെ എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കുക. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളില്‍ ഹമാസ് ഒരു കരാറിലെത്തണം. എല്ലാ രാജ്യങ്ങളും ഒപ്പിട്ടു. കരാറിലെ ഈ അവസാന അവസരത്തിലും ഉടമ്പടിയിലെത്തിയില്ലെങ്കില്‍ ഇതുവരെ കാണാത്ത ആക്രമണം ഹമാസിനെതിരെ അഴിച്ചുവിടും.

Content Highlights: Donald Trump threat towards Hamas on 20 point Gaza plan

To advertise here,contact us