പാരിസ്: ഇന്നലെ ഇറ്റലിയിലെ മിലാനില് നിന്ന് ലണ്ടനിലേക്ക് പോയ വിമാനം പാരിസില് അടിയന്തര ലാന്ഡിംഗ് നടത്തി. യാത്ര തുടങ്ങി 15 മിനുറ്റിനുള്ളിലായിരുന്നു ഇത്. വിമാനത്തിലെ ഒരു യാത്രക്കാരന് പാസ്പോര്ട്ടിലെ പേജുകള് കഴിച്ചതും മറ്റൊരാള് പാസ്പോര്ട്ട് ശുചിമുറിയില് കളയാന് ശ്രമിച്ചതുമാണ് ആശങ്ക സൃഷ്ടിച്ചത്. വിമാനം പറന്നുയര്ന്ന് മിനുറ്റുകള്ക്കുള്ളിലാണ് അസാധാരണമായ കാര്യങ്ങള് നടന്നതെന്ന് യാത്രക്കാര് പറഞ്ഞു.
മുന്വശത്ത് ഇരുന്ന യാത്രക്കാരനാണ് തന്റെ പാസ്പോര്ട്ടിലെ പേജുകള് കീറിമുറിച്ച് കഴിച്ചത്. ഇത് മറ്റു യാത്രക്കാരെ ആശങ്കയിലാഴ്ത്തി. പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന് വേഗത്തില് ശുചിമുറിയിലേക്ക് ഓടിക്കയറി പാസ്പോര്ട്ട് അവിടെ തന്നെ ഉപേക്ഷിക്കാന് ശ്രമിച്ചു.
'ഇത് കണ്ട വിമാനത്തിലെ ജീവനക്കാര് ശുചിമുറിയുടെ വാതില് തുറക്കാന് ഇയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരിസില് ലാന്ഡ് ചെയ്യുകയായിരുന്നു.', വിമാനത്തിലെ ഒരു യാത്രക്കാരന് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ആര്ക്കും അപ്പോള് മനസ്സിലായിരുന്നില്ലെന്നും യാത്രക്കാര് പറഞ്ഞു.
വിമാനം ലാന്ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതര് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും അസാധാരണമായ പെരുമാറ്റത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.
Content Highlights: A Ryanair flight was forced to make an emergency landing in Paris