വാഷിങ്ടണ്: ഗാസയില് പ്രതീക്ഷയേകി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന് ട്രംപ് മുന്നോട്ട് വെച്ച 20 നിര്ദേശങ്ങള് നെതന്യാഹു അംഗീകരിച്ചു. നിര്ദ്ദേശങ്ങള് പരിശോധിച്ച് ഹമാസും നിലപാടറിയിക്കും. പദ്ധതി ഹമാസ് നിരസിച്ചാല് ഇസ്രയേല് ജോലി പൂര്ത്തിയാക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചു.
ഇരുവിഭാഗവും കരാര് അംഗീകരിച്ചാല് യുദ്ധം ഉടന് അവസാനിക്കും. ഇസ്രയേല് പ്രത്യക്ഷമായി കരാര് അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന് ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിര്ദേശത്തില് പറയുന്നു. ഗാസയുടെ പുനര്നിര്മാണത്തിന് ട്രംപിന്റെ അധ്യക്ഷതയില് ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. സൈനിക നടപടികള് അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിര്ദേശത്തില് ഉള്പ്പെടുന്നു.
'ഹമാസിനും മറ്റ് ഭീകരസംഘടനകള്ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യു എന്, റെഡ് ക്രസന്റ് ഉള്പ്പെടെ ഏജന്സികള് വഴി നടത്തും. ഇസ്രയേല് സൈന്യം ഗാസയില് നിന്ന് ഘട്ടംഘട്ടമായി പിന്മാറും. പലസ്തീന് പ്രദേശങ്ങള് താല്ക്കാലികമായി ഭരിക്കുന്നതിന് നോണ്-പൊളിറ്റിക്കല് സമിതി രൂപീകരിക്കും', എന്നില അടക്കമാണ് ട്രംപിന്റെ 20 നിര്ദേശങ്ങള്.
ഗാസ വിട്ടുപോകാന് ആരെയും നിര്ബന്ധിക്കില്ലെന്നും എന്നാല് പോകാന് തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്ദേശത്തില് പറയുന്നു. എന്നിരുന്നാലും മുനമ്പില് നില്ക്കാന് തന്നെ ഗാസക്കാരെ പ്രേരിപ്പിക്കും. അവിടെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം നല്കുമെന്നും പദ്ധതിയില് പറയുന്നു.
'അയല്രാജ്യങ്ങള്ക്ക് ഭീഷണിയില്ലാത്ത തീവ്രവാദ വിമുക്ത മേഖലയായി ഗാസ മാറും. ഗാസയെ പുനര്വികസിപ്പിക്കും. എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചാല് 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബര് ഏഴിന് ശേഷം തടവിലാക്കിയ സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ള 1700 ഗാസക്കാരെയും ഇസ്രയേല് കൈമാറും. ബന്ദികള് മോചിക്കപ്പെട്ടാല് ഹമാസ് ആയുധങ്ങള് ആംനസ്റ്റിക്ക് കൈമാറണം', നിർദേശത്തിൽ പറയുന്നു.
ഗാസയില് യുദ്ധം അവസാനിപ്പിക്കുന്നതിന് അടുത്താണ് തങ്ങളുള്ളതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും നെതന്യാഹുവും നടത്തിയ വാര്ത്താ സമ്മേളനത്തില് ട്രംപിന്റെ പ്രതികരണം. സമാധാനത്തിന്റെ ചരിത്ര ദിനമെന്നായിരുന്നു കൂടിക്കാഴ്ച നടന്ന ദിനത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഹമാസും നിര്ദേശങ്ങള് പിന്തുടരാന് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്ത്തു. ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കില് നെതന്യാഹു എന്താണ് തീരുമാനിക്കുന്നത് അതിന് പിന്തുണ നല്കുമെന്നും ട്രംപ് പറഞ്ഞു.
നെതന്യാഹുവിന്റെ ചെല്ലപ്പേരായ ബിബി എന്ന പേര് വിളിച്ചാണ് ട്രംപ് വാര്ത്താ സമ്മേളനത്തില് പ്രതികരിച്ചത്. 'പ്രധാനമന്ത്രി നെതന്യാഹുവിന് പലസ്തീന് രാഷ്ട്രത്തെ എതിര്ക്കുന്നതിന് കൃത്യമായ ധാരണയുണ്ട്. ഒരുപാട് കാര്യങ്ങളില് അദ്ദേഹത്തിന്റെ നിലപാടിനെ ഞാന് മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് അദ്ദേഹം ചെയ്യുന്നത് ഇസ്രയേലിന്റെ നല്ലതിനാണ്', ട്രംപ് പറഞ്ഞു.
തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങള് കൈവരിക്കാന് സഹായിക്കുന്ന ട്രംപിന്റെ നിര്ദ്ദേശത്തെ പിന്തുണക്കുന്നുവെന്ന് നെതന്യാഹുവും പ്രതികരിച്ചു. എന്നാല് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ നിർദേശങ്ങൾ തങ്ങള്ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഹമാസ് പ്രതിനിധി മഹ്മൂദ് മര്ദാവി അന്താരാഷ്ട്ര മാധ്യമമായ അല് ജസീറയോട് പറഞ്ഞത്. അതേസമയം ചര്ച്ചകള്ക്കിടയിലും ആക്രമണം തുടരുകയാണ് ഇസ്രയേല്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില് 39 പേര് കൂടി കൊല്ലപ്പെട്ടു.
Content Highlights: American president Donald Trump s 20 point plan to end Israel s war on Gaza