വാഷിങ്ടണ്: ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. കൂടിക്കാഴ്ച്ചയ്ക്ക് മുന്പ് ഗാസ പ്രശ്നത്തില് പരിഹാരം കാണാനാകുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. ഗാസയിൽ സമാധാനത്തിലെത്തിക്കാനാകുമെന്ന് ഉറപ്പുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി. രണ്ട് വര്ഷമായി തുടരുന്ന ഗാസ ഇസ്രയേല് സംഘര്ഷം നിര്ത്തുന്നതിനും ബന്ദികളെ മോചിതരാക്കുന്നതിനുമായി തയ്യാറാക്കിയ 21 പോയിന്റ് പ്ലാനിനെ എല്ലാ കക്ഷികളും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും 'എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്' എന്ന മറുപടി തന്നെയായിരുന്നു ട്രംപ് നല്കിയത്.
ഐക്യരാഷ്ട്രസഭയില് അറബ് നേതാക്കളുമായി വെടി നിര്ത്തല് ചര്ച്ച നടത്തിയതിന് പിന്നാലെ 'എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒത്തുകൂടി, ഇത് ആദ്യമായാണ്' എന്ന് ട്രംപ് തന്റെ എക്സില് കുറിച്ചത്.
അതേസമയം ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഗാസയില് യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. നെതന്യാഹു പ്രസംഗിക്കാനായി വേദിയില് കയറിയതോടെ കൂക്കിവിളിയുണ്ടായി. നിരവധി യുഎന് പ്രതിനിധികള് നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നുമാണ് നെതന്യാഹു പൊതുസഭയില് പറഞ്ഞത്. ഗാസയിലെ ജനങ്ങളെ ഇസ്രയേല് മനപ്പൂര്വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില് പട്ടിണിയുണ്ടാവുന്നതെന്നുമാണ് നെതന്യാഹു പറഞ്ഞത്.
Content Highlight; Donald Trump hosts Netanyahu at White House, says he is ‘very confident’