ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെ നവ നാസികളെന്ന് വിളിച്ച് കൊളംബിയന്‍ പ്രസിഡന്റ്; ചുംബിച്ച് ബ്രസീല്‍ പ്രസിഡന്റ്

ഫലസ്തീന്റെ മോചനത്തിനായി ഏഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സേന രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന ഒരു കപ്പലിനെയും പോകാന്‍ അനുവദിക്കരുതെന്നും ഗുസ്താവോ പെട്രോ പറഞ്ഞു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച കൊളംബിയന്‍ പ്രസിഡന്റിനെ ചുംബിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ഇസ്രയേലിനെ നവ നാസികള്‍ എന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്. ഫലസ്തീന്റെ മോചനത്തിനായി ഏഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സേന രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന ഒരു കപ്പലിനെയും പോകാന്‍ അനുവദിക്കരുതെന്നും ഗുസ്താവോ പെട്രോ പറഞ്ഞു. അതിനുപിന്നാലെയാണ് ലുല ഡ സില്‍വ കൊളംബിയന്‍ പ്രസിഡന്റിന്റെ സീറ്റിനരികിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് തലയില്‍ ചുംബിച്ചത്.

കൊളംബിയന്‍ പ്രസിഡന്റിന്റെ പരാമര്‍ശങ്ങളോടുളള ഐക്യദാര്‍ഢ്യപ്പെടലിന്റെ അസാധാരണ പ്രകടനമായാണ് ബ്രസീല്‍ പ്രസിഡന്റിന്റെ ചുംബനം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് പെട്രോ തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു. പലസ്തീനില്‍ നടക്കുന്നത് ഹോളോകോസ്റ്റിന് സമാനമായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയന്‍ പ്രസിഡന്റിനെ പിന്തുണച്ചുകൊണ്ടുളള ലുലയുടെ ചുംബനം പലസ്തീനില്‍ നടക്കുന്ന ക്രൂരതയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ വീണ്ടുമെത്താനും കാരണമായി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തിരുന്നു. ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. നെതന്യാഹു പ്രസംഗിക്കാനായി വേദിയിൽ കയറിയതോടെ കൂക്കിവിളിയുണ്ടായി. നിരവധി യുഎന്‍ പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോവുകയും ചെയ്തു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നുമാണ് നെതന്യാഹു പൊതുസഭയിൽ പറഞ്ഞത്. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു.

Content Highlights: Brazilian President Kisses Colombian President Who Called Israel Neo-Nazis at UN

To advertise here,contact us