അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നെതന്യാഹു ശിക്ഷിക്കപ്പെടും, അത് ഒഴിവാക്കണം: ദോഹ ആക്രമണത്തിൽ സജി മാർക്കോസ്

ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വര്‍ത്തമാനകാല ദുരിതമാണിതെന്നും സജി മാർക്കോസ്

മനാമ: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതി കേസ് നീട്ടിവെക്കുന്ന വിധം കോടതിയെ സ്വാധീനിക്കാനാണ് ഇസ്രയേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തിയതെന്ന് വിദേശകാര്യ വിദഗ്ധന്‍ സജി മാര്‍ക്കോസ്. ടെല്‍ അവീവ് കോടതിയില്‍ ഇന്ന് നെതന്യാഹുവിനെതിരായ ക്രിമിനല്‍ കേസിന്റെ ടെസ്റ്റിമണി ആരംഭിച്ചു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ഈ കേസില്‍ ശിക്ഷിക്കപ്പെടും. രണ്ടു മുതല്‍ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. അത് ഒഴിവാക്കാനാണ് ഇസ്രയേല്‍ നീക്കമെന്ന് സജി മാര്‍ക്കോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടികാട്ടി. ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വര്‍ത്തമാനകാല ദുരിതമാണിതെന്നും സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ടെല്‍ അവിവ് ജില്ലാ കോടതിയില്‍ ഇന്ന് നേതന്യാഹുവിനെതിരെയുള്ള ക്രിമിനല്‍ കേസിന്റെ ടെസ്റ്റിമണി ആരംഭിച്ചു.പലവട്ടം നേതന്യാഹുവിന്റെ വക്കീല്‍ സുരക്ഷക്കാരണങ്ങള്‍ പറഞ്ഞു നീട്ടി വയ്പ്പിച്ച കേസ് ത്വരിതപ്പെടുത്തുന്നു എന്നും ആഴ്ചയില്‍ നാല് ദിവസം കേസ് കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു.ഖത്തറില്‍ എന്നല്ല എവിടെ വേണമെങ്കിലും അയാള്‍ ബോംബ് ഇടും, ആരെയും ആക്രമിക്കും - ഒരേയൊരു ആവശ്യമേയുള്ളൂ - കേസ് നീട്ടിവയ്ക്കാന്‍ പറ്റുന്ന വിധം കോടതിയെ സ്വാധീനിക്കണം. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നേതന്യാഹു ഈ കേസില്‍ ശിക്ഷിക്കപ്പെടും. രണ്ടു മുതല്‍ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. അത് ഒഴിവാക്കണം. അത്രയുമേ ഉളളൂഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വാര്‍ത്തമാനകാല ദുരിതങ്ങള്‍.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദോഹയില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Saji Markose About israel attack qatar

To advertise here,contact us