പുടിനും ഷി ജിൻപിങ്ങിനും ഒപ്പം വേദി പങ്കിടും; ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി

കഴിഞ്ഞ ദിവസമാണ് സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ തൻ്റെ പ്രത്യേക ട്രെയിനിൽ ചൈനയിലേയ്ക്ക് തിരിച്ചത്

ബെയ്ജിങ്: വടക്കൻ കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡിൽ കിം ജോങ് ഉൻ പങ്കെടുക്കും. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. 26ഓളം ലോക നേതാക്കൾ സൈനിക പരേഡിന് സാക്ഷികളാകുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ടിയാൻമെൻ സ്ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ് നടക്കുക.

അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് യോ​ഗം ചേരുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് നേതാക്കളും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലർത്തുന്നത്.

കഴിഞ്ഞ ദിവസമാണ് സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ തൻ്റെ പ്രത്യേക ട്രെയിനിൽ ചൈനയിലെത്തിയത്. വിദേശകാര്യ മന്ത്രി ചോ സൺ ഹുയി അടക്കമുള്ള ഉന്നതതല സംഘം കിം ജോങ് ഉന്നിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. 2011ൽ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തരകൊറിയൻ നേതാവ് ചൈന സന്ദർശിച്ചിട്ടുണ്ട്. ഷാങ്ങ്ഹായി കോഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടിയിലും ബെയ്ജിങ്ങിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ചൈനയിലെത്തിയത്.

Content Highlights: North Korea’s Kim Jong Un travels to Beijing to watch military parade alongside Putin, Xi Jinping

To advertise here,contact us