ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച രണ്ടാമത്തെ കപ്പലിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാള്‍ ഇന്ത്യക്കാരന്‍; മരണം നാല്

ഗാസയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായുമാണ് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യം വെക്കുന്നത് ഹൂതികള്‍

ഏഥന്‍സ്: ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച കപ്പലില്‍ നിന്നും ആറ് പേരെ രക്ഷിച്ചതായി യൂറോപ്യന്‍ യൂണിയന്‍ നാവിക സേന. ഈ ആഴ്ചയില്‍ ഹൂതികള്‍ ആക്രമിച്ച രണ്ടാമത്തെ ചരക്ക് കപ്പലാണിത്. ആക്രമത്തില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലില്‍ ആകെ 25 പേരായിരുന്നു ഉണ്ടായത്. ഇതില്‍ 15 പേരെ കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷപ്പെട്ടവരില്‍ അഞ്ച് ഫിലിപ്പീനികളും ഒരു ഇന്ത്യക്കാരനുമാണുണ്ടായത്. കപ്പലില്‍ 22 അംഗങ്ങളും മൂന്ന് സുരക്ഷാ ടീമുമായിരുന്നു ഉണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഇസ്രയേലിലേക്ക് പോയിക്കൊണ്ടിരുന്ന ഗ്രീക്കിലെ എറ്റേര്‍ണിറ്റി സി എന്ന ചരക്ക് കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.

ഗാസയിലെ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് പേരില്ലാത്ത ബോട്ടും മിസൈലുകളും ഉപയോഗിച്ച് കപ്പലിനെ ആക്രമിച്ചതെന്ന് ഹൂതികള്‍ പറഞ്ഞു. കപ്പലിലെ ക്രൂ അംഗങ്ങളെ രക്ഷിക്കാനും മെഡിക്കല്‍ പരിരക്ഷ നല്‍കാനും സുരക്ഷിതമായ പ്രദേശത്തേക്കെത്തിക്കുന്നതിലും ഹൂതികള്‍ സഹായിച്ചെന്ന് ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സാരീല പറഞ്ഞു.

കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍(യുകെഎംടിഒ) കേന്ദ്രം അറിയിച്ചു. യെമനിലെ ഹൊദെയ്ദാ തുറമുഖത്തിന് സമീപം കപ്പല്‍ മുങ്ങിയതായി യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സി ആംബ്രേ വ്യക്തമാക്കി.

ഗാസയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായുമാണ് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യം വെക്കുന്നത് ഹൂതികള്‍ അറിയിച്ചു. ചെങ്കടലില്‍ വെച്ച് തന്നെ മാജിക് സീസ് എന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് രണ്ടാമതും ചരക്ക് കപ്പലിനെ ഹൂതികള്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ മാജിക് സീസിലെ മുഴുവന്‍ ക്രൂവിനെയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

Content Highlights: Houthis attack cargo ship in Red sea 6 rescued 4 killed

To advertise here,contact us