തെഹ്റാന്: ഇസ്രയേല് തന്നെ വധിക്കാന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ഒരു യോഗത്തിനിടയില് ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അവര് ശ്രമിച്ചെന്നും പരാജയപ്പെട്ടെന്നും അമേരിക്കന് മാധ്യമപ്രവര്ത്തകനായ ടക്കര് കാള്സണിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്. ഇസ്രയേല് വധിക്കാന് ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്കിയാന്റെ മറുപടി. ഇസ്രയേല്-ഇറാന് സംഘര്ഷത്തിന് ശേഷം ആദ്യമായി നല്കിയ അഭിമുഖത്തിലാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്.
'എന്റെ വധശ്രമത്തിന് പിന്നില് അമേരിക്കയല്ല. അത് ഇസ്രയേലാണ്. ഞാനൊരു യോഗത്തില് പങ്കെടുത്തപ്പോള് ആ സ്ഥലത്ത് അവര് ബോംബാക്രമണം നടത്താന് ശ്രമിച്ചു', അദ്ദേഹം പറഞ്ഞു. എന്നാല് 12 ദിവസം നീണ്ടുനിന്ന ഇറാന്-ഇസ്രയേല് സംഘര്ഷത്തിലാണോ വധശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തങ്ങളല്ല ഈ യുദ്ധം ആരംഭിച്ചതെന്നും ഏതെങ്കിലും വിധേന യുദ്ധം തുടരാന് തങ്ങള് ആഗ്രഹിക്കുന്നില്ലെന്നും പെസഷ്കിയാന് പറഞ്ഞു.
അമേരിക്കയുമായുള്ള വിശ്വാസം പുനസ്ഥാപിക്കാന് കഴിയുമെങ്കില് ആണവ ചര്ച്ചകള് പുനരാരംഭിക്കാന് തന്റെ രാജ്യത്തിന് ഒരു പ്രശ്നവുമില്ലെന്ന് പെസെഷ്കിയാന് കൂട്ടിച്ചേര്ത്തു. 'ചര്ച്ചകള് പുനരാരംഭിക്കാന് ഒരു പ്രശ്നവുമില്ല. എന്നാല് ചര്ച്ച ആരംഭിക്കുന്നതിന് ഒരു വ്യവസ്ഥയുണ്ട്. എങ്ങനെയാണ് അമേരിക്കയെ ഒരിക്കല് കൂടി വിശ്വസിക്കുക? ചര്ച്ചകളിലേക്ക് പ്രവേശിച്ചാല് ഇതിനിടയില് ഞങ്ങളെ ആക്രമിക്കാന് ഇസ്രയേലിന് വീണ്ടും അനുമതി നല്കില്ലെന്ന് എന്താണ് ഉറപ്പ്?', പെസഷ്കിയാന് ചൂണ്ടിക്കാട്ടി.
ട്രംപിനെ വധിക്കാനുള്ള പ്രചരണത്തില് ഇറാന് ഉള്പ്പെട്ടിട്ടുണ്ടെന്ന വാദവും പെസഷ്കിയാന് നിരോധിച്ചു. അന്താരാഷ്ട്ര അറ്റോമിക് എനര്ജി ഏജന്സി (ഐഎഇഎ)യെ ഇറാനിലേക്ക് പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'ആണവ നിലയങ്ങളില് സംഭവിച്ച നാശത്തിന്റെ വ്യാപ്തി ഇപ്പോഴും അറിയില്ല. സാരമായി ബാധിച്ചതിനാല് തന്നെ അവിടേക്കുള്ള പ്രവേശനം സാധ്യമല്ല. പ്രവേശിക്കാന് സാധിച്ചാല് പരിശോധനയെക്കുറിച്ച് പരിഗണിക്കാം. അന്താരാഷ്ട്ര നിയമങ്ങള്ക്ക് എതിരായിട്ടുള്ള അക്രമമായിട്ടും ആ സമയത്തെ ഐഎഇഎയുടെ നിശബ്ദത ഇറാനികള്ക്കിടയില് അവരോടുള്ള വിശ്വാസം ഇല്ലാതാക്കി', പെസഷ്കിയാന് പറഞ്ഞു.
ജൂണ് 13-ന് ഇസ്രയേല് ഇറാനില് നടത്തിയ ബോംബാക്രമണത്തിനു പിന്നാലെ 12 ദിവസമാണ് ഇറാനും ഇസ്രയേലും തമ്മില് അതിരൂക്ഷമായ ഏറ്റുമുട്ടല് ഉണ്ടായത്. ഇറാന് ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത സൈനിക കമാന്ഡര്മാരും ശാസ്ത്രജ്ഞരും ഇസ്രയേലിന്റെ ആക്രമണത്തില് കൊല്ലപ്പെട്ടു. ഇസ്രയേലില് ബാലിസ്റ്റിക് മിസൈലുകള് ഉപയോഗിച്ച് ആക്രമണം നടത്തിയാണ് തെഹ്റാന് പ്രതികരിച്ചത്. അതിനിടെ അമേരിക്കയും ഇറാനില് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള് അമേരിക്ക ആക്രമിച്ചു. തുടര്ന്ന് ഖത്തറിലെ അമേരിക്കന് സൈനിക താവളത്തില് ഇറാനും ബോംബാക്രമണം നടത്തിയിരുന്നു. ജൂണ് 24-നാണ് ഇരുരാജ്യങ്ങളും തമ്മില് വെടിനിര്ത്തല് ധാരണയായത്.
Content Highlights: Iran President Masoud Pezeshkian says Israel try to assassinate him