തിരുവില്വാമലയിലെ എട്ടുവസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല;ഫോറൻസിക് ഫലം,പൊലീസ് അന്വേഷണം തുടരുന്നു

അപകടസ്ഥലത്ത് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

തൃശൂർ: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് സ്ഥിരീകരണം. ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. കുട്ടി മരിച്ചത് പന്നിപ്പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിലാണെന്ന് സൂചനയുണ്ട്. അപകടസ്ഥലത്ത് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കുന്നംകുളം എസിപി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ (8) മരിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്ന് പുറത്തുവന്ന വിവരം. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ.

To advertise here,contact us