മഹാനായ സഖാവ് ഇനിയില്ല, ശങ്കരയ്യ ഉയര്ത്തിപ്പിടിച്ച ആശയത്തെ ഹൃദയത്തോട് ചേര്ക്കണം: കമല് ഹാസന്

അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനതയ്ക്കും ഇന്ന് ദുഃഖകരമായ ദിവസമാണ്

ചെന്നൈ: മുതിര്ന്ന സിപിഐഎം നേതാവ് എന് ശങ്കരയ്യുടെ നിര്യാണത്തില് അനുശോചിച്ച് നടന് കമല് ഹാസന് . ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്ത്ഥമായി ജീവിച്ച മഹാനായ സഖാവ് ഇനിയില്ലെന്ന് കമല് ഹാസന് അനുശോചിച്ചു. ജീവിതം മുഴുവന് പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ച എന് ശങ്കരയ്യ ഉയര്ത്തിപ്പിടിച്ച ആശയത്തെ നാം ഹൃദയത്തോട് ചേര്ത്ത് നിര്ത്തണമെന്നും കമല് ഹാസന് എക്സില് കുറിച്ചു.

'ഇന്ത്യന് സ്വാതന്ത്ര്യത്തിനായി പോരാടി പിന്നീട് പ്രതിബദ്ധതയുള്ള കമ്മ്യൂണിസ്റ്റായി മാറിയ സഖാവാണ് ശങ്കരയ്യ. തന്റെ ജീവിതത്തിലെ ഓരോ ദിനവും അദ്ദേഹം പാവങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില് ഇടതുപക്ഷക്കാര് മാത്രമല്ല മറിച്ച് മുഴുവന് രാഷ്ട്രീയക്കാരുമാണ് ദുഃഖം രേഖപ്പെടുത്തുന്നത്. അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനതയ്ക്കും ഇന്ന് ദുഖകരമായ ദിവസമാണ്. അദ്ദേഹം ഉയര്ത്തിപ്പിടിച്ച ആശയത്തെ നാം ഹൃദയത്തോട് ചേര്ത്തു പിടിക്കണം. ധീര സഖാവിന് അന്ത്യാഭിവാദ്യങ്ങള്.' കമല് ഹാസന് എക്സില് കുറിച്ചു.

மாபெரும் தோழர் மறைந்தார். நூறாண்டு தாண்டிய தன் வாழ்வில், நினைவு தெரிந்த பருவம் முதல் ஒரு நாளையும், ஒரு நொடியையும் தனக்கென வாழாத் தகைமையைக் கைக்கொண்ட முதுபெரும் தோழர் என்.சங்கரய்யா நம்மை நீங்கினார். சுதந்திர வேட்கையிலும் அதன் பிறகு பொதுவுடைமைக் கொள்கையிலும் ஆழ்ந்திருந்த தோழர்,…

സിപിഐഎം സ്ഥാപക നേതാക്കളില് ഒരാളായ എന് ശങ്കരയ്യ അനാരോഗ്യത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 1964 ല് അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടിയുടെ നാഷണല് കൗണ്സിലില് നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളില് ഒരാളാണ് ശങ്കരയ്യ. 1964ല് സിപിഐ ദേശീയ കൗണ്സിലില് നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളില് വി എസ് അച്യുതാനന്ദനും എന് ശങ്കരയ്യയും മാത്രമായിരുന്നു നിലവില് ജീവിച്ചിരുന്ന നേതാക്കള്.

തമിഴ്നാട്ടില് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിത്തറ പാകിയ നിരവധിയായ കര്ഷക പോരാട്ടങ്ങള്ക്ക് നേതൃത്വം നല്കിയ നേതാവാണ് ശങ്കരയ്യ. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം, അഖിലേന്ത്യാ കിസാന് സഭയുടെ ജനറല് സെക്രട്ടറി, പ്രസിഡന്റ്, സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, എന്നീ നിലകളില് പ്രവര്ത്തിച്ചു. 1967 മധുര വെസ്റ്റ് മണ്ഡലത്തില് നിന്നും 1977, 1980 വര്ഷങ്ങളില് മധുര ഈസ്റ്റ് മണ്ഡലത്തില് നിന്നും തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രായാധിക്യത്തെത്തുടര്ന്ന് കുറച്ചുവര്ഷങ്ങളായി സജീവരാഷ്ട്രീയത്തില്നിന്ന് വിട്ടുനില്ക്കുകയായിരുന്നു.

To advertise here,contact us