യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസ്; ഒരാൾ അറസ്റ്റിൽ

മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

തിരൂർ: യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. തിരൂർ സ്വദേശിയായ ഗുണ്ടയും 17 കേസുകളിൽ പ്രതിയുമായ പറവണ്ണ അരയന്റെ പുരക്കൽ ഫെമിസി (31)നെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 18ന് വയനാട് സ്വദേശികളായ രണ്ട് യുവാക്കളെ പറവണ്ണയിൽവച്ച് മർദ്ദിച്ച് മൊബൈൽ ഫോണും 13,000 രൂപയും കവർന്ന ഇയാൾ കർണാടകയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മാസങ്ങളായി പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ കഴിഞ്ഞദിവസം പറവണ്ണയിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ ഇന്സ്പെക്ടര് എം ജെ ജിജോ, എസ്ഐ ബി പ്രദീപ്കുമാർ, സീനിയർ സിപിഒമാരായ കെ കെ ഷിജിത്ത്, കെ ആർ രാജേഷ്, സിപിഒമാരായ ധനീഷ് കുമാർ, ഷിനു പീറ്റർ, ദിൽജിത്ത്, വിനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

To advertise here,contact us