പൗരപ്രമുഖര് ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?; വിവരാവകാശ ചോദ്യവുമായി പഞ്ചായത്ത് മെമ്പര്

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം.

കൊല്ലം: പൗരപ്രമുഖര് ആകുവാന് എന്ത് ചെയ്യണമെന്ന് അന്വേഷിച്ചൊരു പഞ്ചായത്ത് മെമ്പര്. കൊല്ലം ജില്ലയിലെ കുമ്മിള് പഞ്ചായത്തിലുള്ള ഒരു മെമ്പറാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്കിയിട്ടുണ്ട്.

കൊണ്ടോടി വാര്ഡ് മെമ്പറായ കുമ്മിള് ഷമീറാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിവരങ്ങളന്വേഷിച്ച് അപേക്ഷ നല്കിയത്. പൗരപ്രമുഖര് ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, ആവശ്യമായ യോഗ്യത മാനദണ്ഡം വ്യക്തമാക്കുക എന്നീ രണ്ട് വിവരങ്ങളാണ് ഷമീര് തേടിയിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ പശ്ചാത്തലത്തിലാണ് ഷമീറിന്റെ ചോദ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും രാവിലെ പൗരപ്രമുഖരുമായി പ്രഭാതഭക്ഷണവും കൂടിയിരിപ്പും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷമീര് മാനദണ്ഡം അന്വേഷിച്ച് അപേക്ഷ നല്കിയിരിക്കുന്നത്.

To advertise here,contact us