കണ്ണൂർ: നവകേരള സദസിലേക്ക് കൂടുതൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ എത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കാസർകോട്ട് ലീഗ് നേതാവ് പരിപാടിയിലേക്ക് എത്തിയത് ഇതിന്റെ ആദ്യ സൂചനയാണ്. നവകേരളത്തിനായി എല്ലാവരും ഒന്നിക്കണം. വികസനത്തിന് രാഷ്ട്രീയം ഇല്ലെന്നും എം വി ജയരാജൻ റിപ്പോർട്ടറിനോട് പറഞ്ഞു.
നവകേരള സദസിന് ഫണ്ട് നൽകാൻ ചില യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് തടഞ്ഞു. നശീകരണത്തിന്റെയും ബഹിഷ്കരണത്തിന്റെയും പ്രതിപക്ഷമാണിത്. ഇങ്ങനെ പോയാൽ പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിച്ച് നശിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ പുറത്തായി; നവകേരള സദസിന്റെ പ്രചാരണ ബോർഡിൽ നിന്ന് മൂന്ന് മന്ത്രിമാരെ ഒഴിവാക്കി
കണ്ണൂരിലാണ് ഇന്ന് നവകേരള സദസ് സംഘടിപ്പിക്കുന്നത്. പയ്യന്നൂർ മണ്ഡലത്തിലാണ് കണ്ണൂരിലെ ആദ്യ സ്വീകരണം. ഒമ്പത് മണിക്ക് നടക്കുന്ന പ്രഭാത യോഗത്തിനും 10.30നുള്ള വാർത്താ സമ്മേളനത്തിനും ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും 11 മണിക്ക് ആദ്യ പരിപാടിയിലേക്ക് എത്തിച്ചേരും.
കല്ല്യാശ്ശേരി ഉൾപ്പെടെ ഇന്ന് പര്യടനം നടത്തുന്ന നാല് മണ്ഡലങ്ങളിൽ മൂന്ന് മണ്ഡലങ്ങളും എൽഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎയായ തളിപ്പറമ്പിൽ 4.30 നാണ് യാത്ര എത്തുക. വൈകുന്നേരം ആറ് മണിക്ക് യുഡിഎഫ് മണ്ഡലമായ ഇരിക്കൂറിലെ ശ്രീകണ്ഠപുരത്താണ് ഇന്നത്തെ യാത്രയുടെ സമാപനം.
നവകേരള സദസ്സിൻ്റെ പരാതി കൗണ്ടറുകളിൽ പരാതിപ്രളയം; 3 മണ്ഡലങ്ങളിൽ നിന്ന് ഒൻപതിനായിരത്തിലേറെ പരാതികൾ
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല എന്ന നിലയിലും സിപിഐഎം ശക്തി കേന്ദ്രം എന്ന നിലയിലും വലിയ ആൾക്കൂട്ടമാണ് ഓരോ സദസിലും പ്രതീക്ഷിക്കുന്നത്. പരാതികൾ സ്വീകരിക്കാൻ കൂടുതൽ പേർ എത്തുന്നതിനാൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്.