അയ്യന്തോൾ ബാങ്കിലെ ഇ ഡി റെയ്ഡ് അവസാനിച്ചു; ആസൂത്രിത നീക്കമെന്ന് ബാങ്ക് പ്രസിഡന്റ്

'40 കോടി വെളുപ്പിച്ചു എന്നത് തെറ്റായ കണക്ക്'

തൃശൂർ: അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് അവസാനിച്ചു. 24 മണിക്കൂർ നീണ്ടുനിന്ന റെയ്ഡാണ് അവസാനിച്ചത്. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലടക്കം ഒമ്പത് ഇടത്താണ് ഇഡി റെയ്ഡ് നടത്തിയത്.

ഇ ഡി നടത്തിയത് ആസൂത്രിത നീക്കമെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥൻ. കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ആരോപണം. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയെന്നും രവീന്ദ്രനാഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. '40 കോടി വെളുപ്പിച്ചു എന്ന തെറ്റായ കണക്കാണ് പുറത്ത് പറഞ്ഞത്. ഒരു കോടിയൊക്കെ കാണുമായിരിക്കും. അല്ലാതെ ക്രെഡിറ്റ്സും ഡെബിറ്റ്സും ഒരുമിച്ചു നോക്കിയാൽ പോലും അത്രയും ഉണ്ടാകില്ല. ബാങ്കിലെ സോഫ്റ്റ്വെയർ ശരിയല്ല എന്നും ഇ ഡി കുറ്റപ്പെടുത്തി. സതീഷ് കുമാർ ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. അത് നിഷേധിക്കാൻ ബാങ്കിന് ആവില്ല. ടേൺ ഓവർ വരുമ്പോൾ ഒരു കോടി അടുത്ത വരും,' രവീന്ദ്രനാഥൻ വിശദീകരിച്ചു.

മണലൂർ സ്വദേശി ദത്തു, ഗംഗാദേവി എന്നിവരുടെയൊക്കെ പണം ചാനലൈസ്ഡ് ചെയ്തിട്ടുണ്ട്. ഇതൊക്കെ സതീശൻ പറഞ്ഞിട്ട് വന്നതാവും. ഇവിടുത്തെ സിസ്റ്റം പോലും കയ്യിലെടുക്കാൻ സാധിക്കുന്ന ആളാണ് സതീശനെന്നും അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

To advertise here,contact us