മോഹൻലാലിന് ആശ്വാസം; ആനക്കൊമ്പ് കേസിൽ തുടർ നടപടികൾക്ക് സ്റ്റേ

പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള തുടർനടപടികൾക്ക് സ്റ്റേ. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്. മോഹൻലാലിന് എതിരായ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമർശനം ഉയർത്തിയായിരുന്നു നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹൻലാലിനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിൻവലിക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നുമായിരുന്നു വിമർശനം.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.

To advertise here,contact us