പരസ്പരം അറിയുന്ന മെസിയും സ്‌പെയിനും! സ്‌കലോണിയും ഫ്യൂന്റെയും തമ്മിലെന്ത്

അപരിചതരല്ല സ്‌പെയിനും അര്‍ജന്റീനയും എന്നതാണ് ഈ ലോകകപ്പ് ഫൈനലിന്റെ സവിശേഷത

മെസിയുടെ കഴിവും ദൗര്‍ബല്യങ്ങളും അറിയുന്ന സ്‌പെയിനും, സ്‌പെയിനിന്റെ കേളി തന്ത്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന മെസിയും സ്‌കലോണിയും. അര്‍ജന്റീനയും സ്‌പെയിനും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമാകുക ഇരു ടീമുകളും പരസ്പരം അപരിചിതരല്ല എന്നത് തന്നെയാണ്. ക്ലാസിക് ടിക്കി-ടാക്കയുടെ പുതിയ വേര്‍ഷനാണ് ഇത്തവണ സ്‌പെയ്ന്‍ പരീക്ഷിക്കുന്നത്. സ്‌കലോണിയാകട്ടെ മെസ്സി-കേന്ദ്രീകൃത ഹൈബ്രിഡ്-ഫ്‌ലൂയിഡ് ഫുട്‌ബോളാണ് അര്‍ജന്റീനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

സ്‌പെയിന്‍ ഈ ലോകകപ്പില്‍ ചില നിരീക്ഷകര്‍ 'ടിക്കി-ടാക്ക 2.0' എന്നു വിശേഷിപ്പിക്കുന്ന കൂടുതല്‍ ആധുനികവും വേഗതയേറിയതുമായ ഒരു ശൈലിയിലാണ് കളിക്കുന്നത്. ക്ലാസിക് ടിക്കി- ടാക്കയുടെ ബേസിക്‌സ് നിലനിര്‍ത്തി കൊണ്ട് ആവശ്യമുള്ളപ്പോള്‍ നേരിട്ടുള്ള കൂടുതല്‍ ആക്രമണ ശൈലി സ്വീകരിക്കുന്ന കൂടുതല്‍ പ്രായോഗികമായ ഒരു സമീപനം ടിക്കി- ടാക്ക 2.0വില്‍ ലൂയിസ് ഫ്യൂന്റെ കൂട്ടിചേര്‍ത്തിട്ടുണ്ട്. ലമീന്‍ യമാല്‍ പോലെ അസാധാരണ ഡ്രിബ്‌ളിംഗ് മികവുള്ള താരത്തിന്റെ വ്യക്തിഗത മികവിനെക്കൂടി അഡാപ്റ്റ് ചെയ്തുകൊണ്ടാണ് ടിക്കി- ടാക്ക 2.0 ലൂയിസ് ഡി ലാ ഫ്യൂന്റെ പ്രായോഗികമാക്കിയിരിക്കുന്നത്. അനാവശ്യമായി പന്ത് കൈവശം വയ്ക്കുന്നതിനെക്കാള്‍, കളിയുടെ നിയന്ത്രണം നിലനിര്‍ത്തി കാര്യക്ഷമമായ ആക്രമണം നടത്തുക എന്നതാണ് സ്‌പെയിന്‍ ഈ ലോകകപ്പില്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം. സെറ്റ് പീസുകളെയോ നീണ്ട പാസുകളെയോ മാത്രം ആശ്രയിക്കാതെ ക്രമബദ്ധമായ കോമ്പിനേഷന്‍ ഫുട്‌ബോളിലൂടെ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് സ്‌പെയിന്‍ തെളിയിച്ചിട്ടുണ്ട്.

അര്‍ജന്റീന തുടക്കത്തില്‍ 4-3-3, 4-4-2 തുടങ്ങിയ ഫോര്‍മേഷന്‍ സ്വീകരിച്ചാലും, പന്തുള്ളപ്പോഴും പന്തില്ലാത്തപ്പോഴും ആ ഫോര്‍മേഷന്‍ നിരന്തരം മാറുന്ന ഫ്‌ലൂയിഡ് സംവിധാനമാണ് സ്‌കലോണി ഉപയോഗിക്കുന്നത്. റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് മിഡ്ഫീല്‍ഡ് നിയന്ത്രിക്കുന്നു. ബോള്‍ കൈവശമുള്ളപ്പോള്‍ ഹ്രസ്വ പാസുകളിലൂടെ കളി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ശുദ്ധമായ ടിക്കി-ടാക്കയായി വിശേഷിപ്പിക്കാനാവില്ല. ടിക്കി-ടാക്കയിലെന്നപോലെ നീണ്ട സമയത്തേക്ക് ബോള്‍ കൈവശം വെക്കാനുള്ള ശ്രമമല്ല അര്‍ജന്റീന നടത്തുന്നത്. മറിച്ച് ലയണല്‍ മെസ്സിക്ക് ബോള്‍ ലഭ്യമാക്കുകയും അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയുമാണ് ഈ കേളീതന്ത്രത്തിന്റെ പ്രധാന ലക്ഷ്യം. മെസിയുടെ ചുറ്റും ഇടം സൃഷ്ടിക്കാന്‍ മിഡ്ഫീല്‍ഡര്‍മാര്‍ റൊട്ടേറ്റ് ചെയ്യുകയും, ഫുള്‍ബാക്കുകള്‍ വിംഗില്‍ കൂടുതല്‍ ഇടം നല്‍കുകയും ചെയ്യും. ബോള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ കൗണ്ടര്‍-പ്രസ്സ് ചെയ്ത് തിരികെ നേടാനുള്ള ശ്രമവും അര്‍ജന്റീനിയന്‍ താന്ത്രത്തിലുണ്ട്. എന്നാല്‍ അഗ്രസീവായ പ്രസ്സ് അവര്‍ നടത്താറില്ല. പലപ്പോഴും മിഡ്-ബ്ലോക്കില്‍ നിന്ന് കോംപാക്റ്റായി പ്രതിരോധിക്കുകയാണ് ചെയ്യുന്നത്.

ടിക്കി-ടാക്കയില്‍ ടീം മുഴുവന്‍ ഒരു യൂണിറ്റായി ബോള്‍ സര്‍ക്കുലേറ്റ് ചെയ്ത് എതിരാളിയെ ക്ഷീണിപ്പിക്കുമ്പോള്‍ അര്‍ജന്റീനയാകട്ടെ, ബോള്‍ കൈവശം വെച്ച് നിയന്ത്രണം നേടിയതിന് ശേഷം പെട്ടെന്ന് വെര്‍ട്ടിക്കല്‍ ആയി മാറുകയും, സെറ്റ്-പീസുകളെയും ട്രാന്‍സിഷനുകളെയും ആശ്രയിക്കുകയും ചെയ്യുന്നു. ഈ ടൂര്‍ണമെന്റില്‍ പലപ്പോഴും പിന്നിലായ ശേഷം തിരിച്ച് വരവ് നടത്തി മുന്നോട്ട് പോയ അര്‍ജന്റീനയുടെ കളികള്‍ വിലയിരുത്തിയാല്‍ ഇത് വ്യക്തമാണ്. മെസ്സിയെ ചുറ്റിപ്പറ്റിയുള്ള ഒരു ആധുനിക, അഡാപ്റ്റീവ് ഫുട്‌ബോള്‍ കളിക്കുന്ന അര്‍ജന്റീനയെ സ്‌പെയിന്റെ ടിക്കി-ടാക്ക 2.0 കൊണ്ട് പൂട്ടാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

സ്‌പെയിന്‍ കളിക്കുന്ന ടിക്കി-ടാക്ക 2.0യുടെ വേഗതയേറിയ ശൈലിയുടെ മികവും ന്യൂനതകളും ഒരുപക്ഷെ ഏറ്റവും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന രണ്ട് പേര്‍ അര്‍ജന്റീനിയന്‍ നിരയിലുണ്ട്. അതില്‍ ഒരാള്‍ ലയണല്‍ മെസിയും രണ്ടാമന്‍ ലയണല്‍ സ്‌കലോണിയുമാണ്. പന്തിന്റെ നിയന്ത്രണം സ്വന്തമാക്കുക, മൈതാനത്തിന്റെ എല്ലായിടത്തും പാസിംഗ് ത്രികോണങ്ങള്‍ സൃഷ്ടിക്കുക, എതിരാളിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിലും വേഗത്തില്‍ പന്ത് നീക്കുക, പന്ത് നഷ്ടപ്പെട്ട നിമിഷം തന്നെ കൂട്ടായ സമ്മര്‍ദ്ദത്തിലൂടെ അത് തിരിച്ചുപിടിക്കുക എന്നതായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ടിക്കി-ടാക്കയുടെ മന്ത്രം. പെപ് ഗ്വാര്‍ഡിയോളയുടെ നേതൃത്വത്തില്‍ 2008 മുതല്‍ 2012വരെയുള്ള ബാഴ്‌സലോണയുടെ സുവര്‍ണകാലത്ത് ഈ മന്ത്രം ഏറ്റു ചൊല്ലിയതില്‍ പ്രധാനപ്പെട്ട ഒരാള്‍ മെസിയായിരുന്നു. വലത് വിങ്ങില്‍ കളിച്ചിരുന്ന മെസ്സിയെ ഫാള്‍സ് നയണ്‍ സ്ഥാനത്തേക്ക് മാറ്റിയ ഏറ്റവും തന്ത്രപരമായ നീക്കം ഗ്വാര്‍ഡിയോള നടത്തിയത് ഇക്കാലത്താണ്. ഫോര്‍വേര്‍ഡായാണ് സ്‌ക്വാഡില്‍ ഇടമെങ്കിലും 2026ലെ ലോകകപ്പില്‍ ഫാള്‍സ് നയണ്‍ റോളിലും ചിലപ്പോഴെല്ലാം ഫ്രീ റോമിംഗ് പ്ലേ മെയ്ക്കര്‍ റോളിലും മെസിക്ക് തിളങ്ങാന്‍ കഴിയുന്നതിന് പിന്നില്‍ ഗ്വാര്‍ഡിയോള സ്വാധീനമുണ്ടെന്നത് നിസ്തര്‍ക്കമാണ്.

മെസ്സി നിരന്തരം പ്രതിരോധനിരയ്ക്കും മധ്യനിരയ്ക്കും ഇടയിലുള്ള ഇടങ്ങളിലേക്ക് ഇറങ്ങി പന്ത് സ്വീകരിച്ചത് ഈ തന്ത്രത്തിന് അത്ഭുതകരമായ റിസള്‍ട്ട് സമ്മാനിച്ചിരുന്നു. ഈ ഒരൊറ്റ നീക്കം കൊണ്ട് എതിരാളികളുടെ സെന്റര്‍ ബാക്കുകളെ അവരുടെ പൊസിഷനുകളില്‍ നിന്ന് പുറത്തേക്ക് വരാന്‍ നിര്‍ബന്ധിതരാക്കി. അതോടെ സാവിക്കും ഇനിയസ്റ്റയ്ക്കും മുന്നേറാനുള്ള ഇടങ്ങള്‍ തുറന്നു. നന്നായി സെറ്റ് ചെയ്ത എതിരാളികളുടെ പ്രതിരോധം ഈ തന്ത്രത്തിലൂടെ നിമിഷങ്ങള്‍ക്കകം ആശയക്കുഴപ്പത്തിലാകുന്ന കാഴ്ച എത്രവട്ടം നമ്മള്‍ കണ്ടതാണ്. ഗ്വാര്‍ഡിയോളയുടെ സംഗീതസമാനമായ ഈ ഫുട്‌ബോള്‍ ശൈലിയുടെ കേന്ദ്രബിന്ദുവായി നിന്നത് ലയണല്‍ മെസ്സിയായിരുന്നു. പരമ്പരാഗത സെന്റര്‍ ഫോര്‍വേഡായല്ല, മറിച്ച് കളിയുടെ താളം തന്നെ മാറ്റിമറിക്കുന്ന സൃഷ്ടിപരതയുള്ള ഒരു റോളിലേയ്ക്ക് ഇക്കാലത്ത് ബാഴ്‌സയുടെ കേളീ തന്ത്രത്തില്‍ മെസി മാറി. ഗ്വാര്‍ഡിയോളയുടെ കീഴില്‍ മെസ്സി 219 മത്സരങ്ങളില്‍ നിന്ന് 211 ഗോളുകളും 93 അസിസ്റ്റുകളും നേടി എന്നത് തന്നെ ഇതിനെ അടിവരയിടുന്നുണ്ട്. ഗാര്‍ഡിയോളയുടെ ടിക്കി-ടാക്ക മികവിനെക്കുറിച്ച് പറയുമ്പോള്‍ സാവി-ഇനിയസ്റ്റ-മെസ്സി കൂട്ടുകെട്ടിനെ പരാമര്‍ശിക്കാതെ പോകാനാവില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സൃഷ്ടിപരമായ ഗോള്‍ഡന്‍ ട്രയോ ആയിരുന്നു സാവി-ഇനിയസ്റ്റ-മെസി കൂട്ടുകെട്ട്

വര്‍ഷങ്ങള്‍ക്കിപ്പുറവും പിഎസ്ജിയിലും പിന്നീട് ഇന്റര്‍ മയാമിയിലും മെസിയുടെ കളിയില്‍ ടിക്കി-ടാക്കയുടെ സ്വാധീനം വ്യക്തമായി കാണാം. അര്‍ജന്റീനയ്ക്കായി കളിക്കുമ്പോഴും ടിക്കി-ടാക്കയുടെ സ്വാധീനവും സാധ്യതകളും മെസി പ്രായോഗികവും ബുദ്ധിപരവുമായി ഉപയോഗിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ ത്രൂ പാസുകളും പ്രതിരോധത്തെ അമ്പരപ്പിക്കുന്ന മറഞ്ഞ പാസുകളും അപകടകരമായ നിലയില്‍ നല്‍കുന്ന മെസിയുടെ ശേഷിയെ തേച്ചുമിനുക്കിയത് സ്‌പെയിനില്‍ പരിശീലിച്ച തന്ത്രങ്ങളുടെ സ്വാധീനമാണ്. മെസിയെ കേന്ദ്രമാക്കി ഇപ്പോള്‍ അര്‍ജന്റീന രൂപപ്പെടുത്തുന്ന വേഗമേറിയ കോമ്പിനേഷനുകളുടെയും വണ്‍-ടു പാസുകളുടെയും അടിസ്ഥാനം കിടക്കുന്നത് ബാഴ്‌സയുടെ കേളീശൈലിയിലാണ്. അതിനാല്‍ തന്നെയാന്ന് മെസിക്ക് സ്പെയിനെയും സ്‌പെയിന് മെസിയേയും നന്നായി പരസ്പരം അറിയാമെന്നത് ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ നിര്‍ണ്ണായകമാകുന്നത്.

2017 നവംബറില്‍, മാഡ്രിഡിലെ ലാസ് റോസാസിലുള്ള സിയുദാദ് ഡെല്‍ ഫുട്‌ബോള്‍ പരിശീലനകേന്ദ്രത്തിലെ ഒരു സാധാരണ ക്ലാസ് മുറിയില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ എലൈറ്റ് കോച്ചിങ് കോഴ്‌സ് പുരോഗമിക്കുകയായിരുന്നു. ആ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകരില്‍ ഒരാളായിരുന്നു ലൂയിസ് ഡി ലാ ഫ്യൂന്റെ. അന്നവിടെ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ 39-കാരനായ അര്‍ജന്റീനക്കാരന്‍ ലയണല്‍ സ്‌കലോണിയായിരുന്നു. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ആ സാധാരണ കൂടിക്കാഴ്ച പിന്നീട് ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയമായ ഗുരു-ശിഷ്യ ബന്ധങ്ങളിലൊന്നായി വളര്‍ന്നു. പരസ്പര ബഹുമാനവും, സമാനമായ ഫുട്‌ബോള്‍ ദര്‍ശനവും, സമാന്തരമായ യാത്രകളുമാണ് പിന്നീട് ഇരുവരുടെയും കരിയറില്‍ അടയാളപ്പെടുത്തപ്പെട്ടത്. ഇന്നത് ലോകകപ്പ് ഫൈനലില്‍ മുഖാമുഖം നില്‍ക്കുന്ന രണ്ട് ടീമുകളുടെ പരിശീലകര്‍ എന്നതില്‍ ഇവര്‍ എത്തി നില്‍ക്കുന്നു.

'കോച്ചിങ് കോഴ്‌സില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ എന്റെ അധ്യാപകനായിരുന്നു. അദ്ദേഹം ഞങ്ങളെ ഒരുപാട് സഹായിച്ചു. അതുല്യനായ മനുഷ്യനാണ് അദ്ദേഹം' എന്ന സ്‌കലോണിയുടെ 2024ലെ പ്രതികരണം ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കുന്നുണ്ട്. 'എന്നെപ്പോലെ ലൂയിസും തന്റെ ഇഷ്ടം കളിക്കാരില്‍ അടിച്ചേല്‍പ്പിക്കാറില്ല. അദ്ദേഹം കളിക്കാരെ വിലമതിക്കുന്നു. അതാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്' എന്നും സ്‌കലോണി ഒരിക്കല്‍ പറഞ്ഞിരുന്നു. സ്‌കലോണിയുമായുള്ള ബന്ധത്തെ 'അസാധരണമായത്'എന്നാണ് ലൂയിസ് ഫ്യൂന്റെയും വിശേഷിപ്പിച്ചത്.

ഇരുവരുടെയും ജീവിതയാത്ര പരിശോധിക്കുമ്പോഴും അതിശയകരമായ സാമ്യങ്ങള്‍ കാണാം. 1961-ല്‍ ജനിച്ച ഡി ലാ ഫ്യൂന്റെയുടെ കരിയര്‍ ശ്രദ്ധേയമാണ്. അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കൊപ്പം രണ്ട് ലാ ലീഗ കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഡി ലാ ഫ്യൂന്റെ. അദ്ദേഹം താഴ്ന്ന ഡിവിഷനുകളിലും അക്കാദമികളിലും പരിശീലകനായി പ്രവര്‍ത്തിച്ച ശേഷം 2013ലാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനില്‍ പൂര്‍ണ്ണസമയ പരിശീലകനായി ചേര്‍ന്നത്. 2015-ല്‍ അദ്ദേഹം സ്‌പെയിനിനെ യൂറോപ്യന്‍ അണ്ടര്‍-19 ചാമ്പ്യന്മാരാക്കി. 2019-ല്‍ അണ്ടര്‍-21 യൂറോ കിരീടവും, 2021ല്‍ നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡലും നേടിയ സ്പാനിഷ് ടീമിന്റെ പരിശീലകനും ഡി ലാ ഫ്യൂന്റെ ആയിരുന്നു. ഒടുവില്‍ 2022 ഡിസംബറില്‍ ലൂയിസ് എന്റിക്കെയുടെ പകരക്കാരനായി സ്‌പെയിന്റെ സീനിയര്‍ ടീമിന്റെ കടിഞ്ഞാണും ഡി ലാ ഫ്യൂന്റെ ഏറ്റെടുത്തു.

1978-ല്‍ ജനിച്ച സ്‌കലോണി മികച്ച കളിക്കാരനെന്ന നിലയില്‍ അംഗീകാരം നേടി വിരമിച്ച താരമാണ്. പിന്നീട് സെവിയ്യയിലും തുടര്‍ന്ന് ജോര്‍ജ് സാമ്പൗലിയുടെ അര്‍ജന്റീന സ്‌ക്വാഡിലും സഹപരിശീലകനായി പ്രവര്‍ത്തിച്ചു. പിന്നാലെ അര്‍ജന്റീനയുടെ അണ്ടര്‍-20 ടീമിന്റെ പരിശീലകനായി. 2018ലെ നിരാശകരമായ ലോകകപ്പിന് ശേഷം മുഖ്യപരിശീലകനെന്ന നിലയില്‍ വളരെ കുറവ് അനുഭവ പരിചയം മാത്രമുണ്ടായിരുന്ന സ്‌കലോണിയെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാക്കി.

പരിശീലകരെന്ന നിലയില്‍ ഡി ലാ ഫ്യൂന്റെയും സ്‌കലോണിയും ഇരുവരുടെയും ടീമുകളില്‍ ചെലുത്തുന സ്വാധീനത്തിനും സമാനതകളുണ്ട്. ഡ്രസ്സിങ് റൂമിലെ അന്തരീക്ഷത്തിനും മനുഷ്യബന്ധങ്ങള്‍ക്കും അതിയായ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍കാലത്തെ അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര സമ്മര്‍ദങ്ങളും മറികടന്ന് അര്‍ജന്റീനയെ ഐക്യവും ആത്മവിശ്വാസവും നിറഞ്ഞ ഒരു സംഘമാക്കി മാറ്റാന്‍ സ്‌കലോണിക്ക് സാധിച്ചു. വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മറുവശത്താകട്ടെ യമാല്‍, നിക്കോ വില്ല്യംസ്, പെദ്രി, ഗാവി തുടങ്ങിയ യുവതാരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ തിളങ്ങാനാകുന്ന, ഉയര്‍ന്ന പ്രെസ്സിംഗും പന്തടക്കവും ആക്രമണ മനോഭാവവും ചേര്‍ന്ന ഒരു പുതിയ സ്‌പെയിന്‍ ടീമിനെ ഡി ലാ ഫ്യൂവന്റെ സൃഷ്ടിച്ചു. വര്‍ഷങ്ങളായി താന്‍ വളര്‍ത്തിയെടുത്ത യുവതാരങ്ങളെ ഡി ലാ ഫ്യൂവന്റെ സീനിയര്‍ ടീമിലേക്ക് ധൈര്യത്തോടെ കൊണ്ടുവന്നു. സ്‌കലോണിയാകട്ടെ എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പുതിയ തലമുറയെ ടീമില്‍ ഉറപ്പിച്ചുകൊണ്ട് മെഡിയുടെ അനുഭവസമ്പന്നമായ തലമുറയെയും ചേര്‍ത്തുപിടിച്ചു.

പ്രതിരോധത്തിന്റെ കരുത്തും വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളും ആവശ്യമായപ്പോള്‍ പന്തടക്കവും സമന്വയിപ്പിച്ച ടീമായി സ്‌കലോണി അര്‍ജന്റീനയെ മാറ്റി. സ്‌പെയിനിന്റെ ടിക്കി-ടാക്ക പാരമ്പര്യത്തെ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ നേരിട്ടുള്ള ആക്രമണങ്ങളും ശക്തമായ ഫിനിഷിംഗ് ശേഷിയും ഡി ലാ ഫ്യൂന്റെ സ്പാനിഷ് ടീമിനോട്കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യേക തന്ത്രത്തിന്റെ അടിമകളല്ല എന്നതാണ് ഇരുവരുടെയും ഏറ്റവും പ്രധാനമായ സവിശേഷത. എതിരാളിക്കനുസരിച്ച് മാറാന്‍ തയ്യാറായ ശൈലിയിലാണ് ഇരുവരും ടീമിനെ കെട്ടിപ്പെടുത്തിരിക്കുന്നത്. .

ഒരിക്കലും ടീമിനേക്കാള്‍ സ്വയം വലിയവരാകാന്‍ ഇരുവരും ശ്രമിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ടീമിന്റെ സന്തോഷവും ഐക്യവും വിജയവും മാത്രമാണ് ഇരുവരും ലക്ഷ്യം വെയ്ക്കുന്നത്. അന്തശ്ഛിദ്രങ്ങളില്ലാതെ താരപ്രഭാവമുള്ള കളിക്കാരുടെ സംഘത്തെ വിജയമായി നയിക്കാന്‍ കഴിയുന്നതും ഇരുവരുടെയും മികവായി തന്നെ അടയാളപ്പെടുത്തണം.അതുകൊണ്ടാണ് സ്‌കലോണിയുടെ കീഴില്‍ 2021ലെ കോപ്പ അമേരിക്ക, 2022ലെ ലോകകപ്പ്, 2022ലെ ഫൈനലിസിമ, 2024ലെ കോപ്പ അമേരിക്ക കിരീടങ്ങള്‍ അര്‍ജന്റീനയ്ക്ക് നേടാനായത്., ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ 2023 ലെ യുവേഫ നേഷന്‍സ് ലീഗും 2024ലെ യൂറോ കപ്പും സ്‌പെയിന് നേടാനായി. ഈ ലോകകപ്പിന്റെ ഫൈനലില്‍ സ്‌കലോനിയും ഡി ലാ ഫ്യൂന്റെയും മുഖാമുഖം വരുമ്പോള്‍ ഇരുവരുടെയും പാരസ്പര്യം പ്രധാനമാണ്. ഇരുവര്‍ക്കും അവരുടെ ശക്തിയും ദൗര്‍ബല്യവും പരസ്പരം നന്നായി അറിയാം എന്നത് തന്നെയാണ് 2026ലെ ലോകകപ്പ് ഫൈനലിനെ പ്രവചനാതീതമാക്കുന്നത്. മത്സരഫലം എന്തായാലും സ്‌കലോനിയും ഡി ലാ ഫ്യൂന്റെയും ലോകഫുട്‌ബോളിന്റെ ഹൃദയത്തില്‍ ഇടം നേടിയാകും ഈ ലോകകപ്പില്‍ നിന്നും മടങ്ങുക എന്ന് തീര്‍ച്ചയാണ്.

content highlights: Messi and Spain know each other well! What lies between Scaloni and De la Fuente?

To advertise here,contact us