അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമെന്ന റെക്കോഡ് ക്രിക്കറ്റിലെ സോ കോൾഡ് സൂപ്പർസ്റ്റാറുകളുടെ കയ്യിലല്ല. അത് ഒരു സിംബാബ് ലെ ഓൾറൗണ്ടറുടെ പേരിലാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ കളിക്കാരിൽ സിക്കന്ദർ റാസക്കാണ് ഈ നേട്ടം. 18 തവണയാണ് അദ്ദേഹം ടി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ചായത്. ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി-20യിൽ പ്ലെയർ ഓഫ് ദി മാച്ചായതിന് ശേഷമാണ് അദ്ദേഹം ഇത് 18 ആക്കി ഉയർത്തിയത്.
ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ 11 റൺസ് വഴി മൂന്ന് വിക്കറ്റ് നേടിയാണ് റാസ കളിയിലെ താരമായത്. താരത്തിന്റെ ബൗളിങ് മികവിൽ ലങ്കയെ വെറും 17.4 ഓവറിൽ 80 റൺസിന് ഓളൗട്ടാക്കാൻ സിംബാബ്വെക്ക് സാധിച്ചു. അന്താരാഷ്ട്ര ടി-20 കരിയറിൽ ഇതുവരെ 18 പ്ലെയർ ഓഫ് മാച്ച് പുരസ്കാരമാണ് റാസ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 125 മത്സരത്തിൽ വനിന്നും വിരാട് കോഹ്ലി സ്വന്തമാക്കിയ 16 പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം റാസ പഴംകഥയാക്കിയിരുന്നു. നിലവിലെ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് 83 ടി20ഐ മത്സരത്തിൽ നിന്നും 16 പ്ലെയർ ഓഫ് ദി മാച്ച് നേടിയിട്ടുണ്ട്.
ഫുൾ മെമ്പർ സ്ക്വാഡിൽ നിന്നുമല്ലാതെ മലേഷ്യൻ താരം വീരൻദീപ് സിങ് 102 കളിയിൽ നിന്നും 22 പ്ലെയർ ഓഫ് ജദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
35 വയസ്സിന് ശേഷമാണ് റാസ ടി-20 ക്രിക്കറ്റിൽ അയാളെ അടയാളപ്പെടുത്തുന്നത്. കൃത്യമായി പറഞ്ഞാൽ 2022 മുതൽ. 39 വയസ്സുള്ള റാസ ഏകദേശം ഒരു പതിറ്റാണ്ടായി ടി-20യിൽ അരങ്ങേറ്റം നടത്തിയിട്ട്. ശരാശരിക്കും താഴെയായിരുന്നു റാസയുടെ ടി-20യിലെ കണക്കുകൾ. 40 ഓളം ഇന്നിങ്സിൽ നിന്നും വെറും 13.44 ശരാശരിയും 107 ന് താഴെ മാത്രം പ്രഹര ശേഷിയുമോടെ 524 റൺസ്. 50 കടന്നത് ആകട്ടെ ഒരേ ഒരു തവണ. കഴിഞ്ഞ പതിറ്റാണ്ടിലെ ക്രിക്കറ്റിലെ മാറങ്ങൾ പരിശോധിച്ചാൽ ഇത് ഒരു മോശം കണക്കാണ്. മറ്റ് ടീമുകളിൽ ആയിരുന്നുവെങ്കിൽ റാസ ഇത്രയം കാലം കളിക്കുക പോലുമില്ലായിരുന്നു. ഒരു ബൗളർ എന്ന നിലക്കും റാസക്ക് എടുത്ത് കാണിക്കാൻ ഒന്നുമില്ല. 32 ഇന്നിങ്സുകളിൽ നിന്ന് 43.92 ശരാശരിയിൽ 13 വിക്കറ്റുകൾ മാത്രം. എക്കോണമി 8.28.
എന്നാൽ 35 വയസ്സിന് ശേഷം അയാൾ സ്വന്തം പ്രകടനത്തെ റിഡിഫൈൻ ചെയ്യുകയായിരുന്നു. ടി -20 ക്രിക്കറ്റിൽ നിന്നും ഒരു വിധം താരങ്ങൾ വിരമിക്കുന്ന റാസ പക്ഷെ ഒരു രണ്ടാം വരവ് നടത്തുന്നു. 2022 മുതൽ ഇങ്ങോട്ട് കളിയിൽ മാത്രമല്ല, കണക്കുകളിലും കൃത്യമായ മുന്നേറ്റം. ഇത്രയും കാലം കളിച്ച റാസ തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന ലെവലാണ് റാസയുടെ മാറ്റം.
2022ന് ശേഷം റാസ കളിച്ചത് 65 ഇന്നിങ്സുകളാണ്, ഇതിൽ നിന്നും 1993 റൺസ് അടിച്ചെടുക്കാൻ ഈ 39 കാരനായി. 13 ശരാശരിയിൽ ബാറ്റ് വീശിക്കോണ്ടിരുന്ന റാസ ഈ കാലയളവിൽ 34 ശരാശരിയിലാണ് ബാറ്റ് ചെയ്യുന്നത്. അതു 145 പ്രഹരശേഷിയിൽ. 14 അർധശതകങ്ങളും ഒരു ശതകവും ഈ മൂന്ന് വർഷത്തിനിടെ റാസ സ്വന്തമാക്കി.
ബാറ്റിങ്ങിൽ മാത്രമല്ല റാസയുടെ വിപ്ലവം, 64 ഇന്നിങ്സിൽ പന്തെടുത്ത റാസ 6.45 എക്കോണമിയിൽ 72 വിക്കറ്റുകളും കൊയ്തു. കരിയറിന്റെ പീക്കിൽ നിന്നും ഒരുപാട് കളിക്കാർ മങ്ങുന്ന കാലഘട്ടത്തിലാണ് റാസ അദ്ദേഹത്തിന്റെ കരിയർ മറ്റൊരു തലത്തിൽ എത്തിക്കുന്നത്. 39 വയസ് പിന്നിട്ട റാസ ഇനി എത്രകാലം ക്രിക്കറ്റിൽ തുടരും എന്ന് അറിയില്ല. എന്നാൽ മോഡേൺ ഡേ ക്രിക്കറ്റ് ലോകവും സിംബാബ് വെ ക്രിക്കറ്റും റാസയെ എന്നും ഓർക്കാൻ ഈ ഒരു മൂന്ന് വർഷം മതിയാകും!
സ്റ്റാറ്റ്സ് കടപ്പാട്: ബിലാല് ഹുസൈൻ
Content Highlights- Sikanadar Raza career peaking after 35 years