നന്ദി രോ 'ഹിറ്റ്സ്'; ആ അവിസ്മരണീയ കരിയറിന്, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ നിരയിലേക്ക് ഉയർന്നതിന്..

യുവതലമുറയ്ക്ക് വഴിമാറാൻ സമയമായിരിക്കുന്നു. ആ ബോധ്യം ഉള്ളതുകൊണ്ടാവാം അപ്രതീക്ഷിതമായി രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്.

രോഹിത് ​ഗുരുനാഥ് ശർമ. അയാളുടെ കരിയർ ഇനിയധികം നീണ്ടുപോകില്ലെന്ന് ക്രിക്കറ്റ് ലോകത്തിന് അറിയാവുന്നതാണ്. എങ്കിലും എത്ര നാൾ ആ ബാറ്റിങ് വിരുന്ന് ആസ്വദിക്കാൻ കഴിയും? ഒരിക്കലും മറക്കാത്ത ​ഗെയിം പ്ലാനുകൾ രോഹിത് ശർമയിൽ തുടരുമോ? ആരാധക മനസിലെ ഈ ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയായി. ടെസ്റ്റ് ക്രിക്കറ്റിലെ വെള്ള കുപ്പായത്തിൽ ഇനി രോഹിത് ശർമ ഉണ്ടാവില്ല. യുവതലമുറയ്ക്ക് വഴിമാറാൻ സമയമായിരിക്കുന്നു. ആ ബോധ്യം ഉള്ളതുകൊണ്ടാവാം അപ്രതീക്ഷിതമായി രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്.

18 വർഷമായി ഇന്ത്യൻ ക്രിക്കറ്റിലെ സാന്നിധ്യമായിരുന്ന താരം. 2007ൽ രാഹുൽ ദ്രാവിഡിന്റെ ടീമിൽ ഏകദിന അരങ്ങേറ്റം. ഇന്ത്യൻ ക്രിക്കറ്റിലെത്തി മാസങ്ങൾക്കുള്ളിൽ ട്വന്റി 20 ലോകചാംപ്യനായ താരം. മോശമല്ലാത്ത പ്രകടനങ്ങൾകൊണ്ട് രോഹിത് ശർമ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. കുറഞ്ഞ സമയത്തിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷയെന്ന് വാഴ്ത്തപ്പെട്ടു. പക്ഷേ അത്രമേൽ എളുപ്പമായിരുന്നില്ല രോഹിത് ശർമയുടെ പിന്നീടുള്ള യാത്ര.

ഒരു മധ്യനിര ബാറ്ററായിട്ടാണ് രോഹിത് ഇന്ത്യൻ ടീമിൽ കരിയറാരംഭിച്ചത്. പലപ്പോഴും പ്രതിഭയോട് നീതിപുലർത്തുന്ന പ്രകടനം രോഹിത്തിൽ നിന്നുണ്ടായില്ല. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അയാൾക്ക് കഴിഞ്ഞില്ല. 2011 ഏകദിന ലോകകപ്പിൽ രോഹിത്തിന് ഇടം ലഭിച്ചില്ല. കടുത്ത നിരാശയുടെ കാലഘട്ടമെന്നാണ് അക്കാലത്തെ പിന്നീട് രോഹിത് തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.

2012ലാണ് ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് ശർമയുടെ തലവര മാറിയത്. വിരേന്ദർ സെവാ​ഗിന്റെ മോശം ഫോം മറ്റൊരു ഓപണറെ കണ്ടെത്താൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിർബന്ധിതനാക്കി. മുമ്പ് പലതവണ പരീക്ഷിച്ച് നോക്കിയ ആ തീരുമാനം സ്ഥിരമായി നടപ്പിലാക്കാൻ ധോണി തീരുമാനിച്ചു. മധ്യനിരയിൽ നിന്ന് രോഹിത് ശർമ ഓപണറുടെ റോളിൽ കളിക്കുക. 2000ങ്ങളിൽ വിരേന്ദർ സെവാ​ഗിനെ മധ്യനിരയിൽ നിന്നും ഓപണറാക്കിയ സൗരവ് ​ഗാം​ഗുലിയുടെ അതേ തീരുമാനം. ഇത്തവണ രോഹിത് ശർമയിലൂടെ എം എസ് ധോണി നടപ്പിലാക്കി. പിന്നെ അതിവേ​ഗം സെവാ​ഗിന് പകരക്കാരനായി രോഹിത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഓപണറായി സ്ഥാനം ഉറപ്പിച്ചു.

ടീമിന് ആവശ്യമായ മികച്ച തുടക്കം നൽകുക. സ്വന്തം വിക്കറ്റിന് വില നൽകാതെ അതിവേ​ഗം റൺസ് സ്വന്തമാക്കുക. രോഹിത് ശർമ ആരാധക മനസുകളിൽ ഹിറ്റ്മാനെന്ന പേരിലേക്ക് മാറിക്കൊണ്ടിരുന്നു. ഐപിഎല്ലിൽ അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ ചാംപ്യന്മാരാക്കി. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന്റെ നായകസ്ഥാനത്ത് രോഹിത് എത്താൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു. നാല് വർഷത്തിൽ ട്വന്റി 20 ലോകകിരീടവും ചാംപ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് സ്വന്തമായി. വർഷങ്ങൾ നീണ്ട ഐസിസി കിരീടത്തിനായുള്ള ഇന്ത്യൻ കാത്തിരിപ്പ് അവസാനിച്ചു.

End of an era in whites 🫡[Rohit Sharma] pic.twitter.com/c6wzVtP07u

ഹിറ്റ്മാന് ഇപ്പോൾ പ്രായം 38. സമീപകാലത്തെ ബാറ്റിങ്ങിലെ മോശം പ്രകടനത്തെ തുടർന്ന് അയാളുടെ ടീമിലെ സാന്നിധ്യംപോലും ചോദ്യം ചെയ്യപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഹിറ്റ്മാന്റെ ആത്മവിശ്വാസത്തിന് തിരിച്ചടിയേറ്റു. അത് നായകമികവും നഷ്ടമാകാൻ കാരണമായി. ഒടുവിൽ അയാൾ തീരുമാനിക്കുകയാണ്. ഇക്കാലമത്രയും നൽകിയ പിന്തുണയ്ക്ക് നന്ദി. ഏറ്റവും മികച്ച സമയത്ത് കളമൊഴിയുന്നു.

Content Highlights: Rohit Sharma aura ended in test cricket

To advertise here,contact us