വൈഭവ് മുതൽ ആര്യ വരെ; നിറം മങ്ങിയ താരങ്ങൾക്കിടയിൽ ഉദിച്ചുയർന്ന പുതിയ താരകങ്ങൾ ഇവർ

പല പ്രധാന താരങ്ങളും നിരാശ നൽകിയപ്പോൾ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച ചില യുവ രക്തങ്ങൾ ഇതാ..

ഇന്ത്യൻ ക്രിക്കറ്റിന് വലിയ പ്രതീക്ഷകൾ സമ്മാനിച്ചാണ് ഓരോ ഐ‌പി‌എൽ സീസണും കടന്നുപോകാറുള്ളത്. ഈ സീസണിലും ഒരുപിടി മികച്ച യുവതാരങ്ങളെ നമ്മൾ കണ്ടു. രാജസ്ഥാന്റെ പതിനാലുകാരനായ വൈഭവ് സൂര്യവംശി മുതൽ പഞ്ചാബ് കിങ്സിന്റെ 24 കാരനായ വലംകൈയ്യൻ ബാറ്റർ പ്രഭ്സിമ്രാൻ സിംഗ് വരെ അതിൽ ഉൾപ്പെടുന്നു. പല പ്രധാന താരങ്ങളും നിരാശ നൽകിയപ്പോൾ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച ചില യുവ രക്തങ്ങൾ ഇതാ..

ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ റെക്കോർഡ് സെഞ്ച്വറിയിലാണ് വൈഭവ് സൂര്യവംശി തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്. വെറും 38 പന്തിൽ നിന്ന് 101 ഏഴ് ഫോറുകളും 11 സിക്സറുകളും അടക്കം 101 റൺസാണ് താരം നേടിയത്. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ശോഭിക്കാനായില്ലെങ്കിലും വൈഭവ് തരുന്ന പ്രതീക്ഷ വലുതാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ പരിക്കേറ്റ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിന് പകരമെത്തിയ ആയുഷ് മാത്രെയാണ് മറ്റൊരു താരം. നിർഭയ ബാറ്റിംഗും പക്വമായ ഷോട്ട് സെലക്ഷനും ഭാവിയിലെ താരമായി 17 കാരനെ അടയാളപ്പെടുത്തുന്നു.. മുംബൈ ഇന്ത്യൻസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 15 പന്തിൽ നിന്ന് 32 റൺസ് നേടി വരവറിയിച്ച താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 48 പന്തിൽ നിന്ന് 94 റൺസ് നേടി. അർഹിച്ച സെഞ്ച്വറിക്ക് മുന്നേ പുറത്തായെങ്കിലും ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും ഉൾപ്പെടുന്ന ഇന്നിങ്‌സ് എന്നും ഓർക്കപ്പെടും.

കെഎൽ രാഹുലിന് പിന്നിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്കോററായ അഭിഷേക് പോരലാണ് മറ്റൊരു താരം.2024 സീസണിലെ മികച്ച പ്രകടനത്തിന് ശേഷം 22 കാരനെ 4 കോടി രൂപയ്ക്ക് ഡൽഹി നിലനിർത്തിയപ്പോൾ തന്റെ പ്രകടനം കൊണ്ട് താരം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തു. 11 മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറി അടക്കം 265 റൺസ് നേടിയിട്ടുണ്ട്.

പഞ്ചാബ് കിങ്സിന്റെ ഓപ്പണർ 23 കാരനായ പ്രിയാൻഷ് ആര്യയാണ് മറ്റൊരു താരം. സി‌എസ്‌കെയ്‌ക്കെതിരെ 39 പന്തിൽ 103 റൺസ് നേടിയതാണ് കരിയറിലെ നിർണായക നിമിഷം. ഐ‌പി‌എല്ലിലെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ച്വറിയാണിത്. ഇതിൽ ഒമ്പത് സിക്‌സറുകളും ഏഴ് ഫോറുകളും ഉൾപ്പെടുന്നു. 11 മത്സരങ്ങളിൽ നിന്ന് 343 റൺസ് നേടിയിട്ടുണ്ട്.

പ്രിയാൻഷ് ആര്യയുടെ ഓപ്പണിങ് പങ്കാളിയായ പഞ്ചാബ് താരം 24 കാരനായ പ്രഭ്സിമ്രാൻ സിംഗും മികച്ച പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവരാണ്. എൽഎസ്ജിക്കെതിരെ 48 പന്തിൽ നിന്ന് ആറ് ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെടെ 91 റൺസ് നേടിയ അദ്ദേഹത്തിന്റെ സീസണിലെ മികച്ച പ്രകടനം. കെകെആറിനെതിരെ 83 റൺസ് നേടിയ പ്രകടനവും നടത്തി. 11 മത്സരങ്ങളിൽ നിന്ന് 437 റൺസ് നേടിയിട്ടുണ്ട്.

Content Highlights: india young emerging batters ipl 2025

To advertise here,contact us