യുഎസ് ഓപ്പണില്‍ നാടകീയമായ അഞ്ച് സെറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ബെന്‍ ഷെല്‍ട്ടണ്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഷെല്‍ട്ടണ്‍ അല്ക്കരായിനെതിരെ സ്വന്തമാക്കിയത്. സ്കോര്‍: 6-7(5), 6-1, 6-3, 1-6, 7-6(10/7) എന്ന സ്കോറിനാണ് ഷെല്‍ട്ടണ്‍ വിജയിച്ചത്.
നാല് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന ഈ പോരാട്ടം, യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും വൈകി അവസാനിച്ച മത്സരമായി മാറി. രണ്ട് വര്‍ഷം മുമ്പ് അല്‍ക്കരാസ് യാന്നിക് സിന്നറെ അഞ്ച് സെറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചതായിരുന്നു ഇതിനുമുമ്പത്തെ റെക്കോഡ്. അതേസമയം, നാല് മാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം അല്‍ക്കരാസിന്റെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുന്നതുവരെ ഒരു സെറ്റ് മാത്രമാണ് അല്‍ക്കരാസ് വഴങ്ങിയിരുന്നത്. എന്നാല്‍ ഷെല്‍ട്ടണിന് മുന്നില്‍ എല്ലാം തകര്‍ന്നു. 2026 സീസണില്‍ 38-13 എന്ന റെക്കോഡുള്ള ഷെല്‍ട്ടണ്‍ സെമിഫൈനലില്‍ 11-ാം സീഡ് ഫ്രാന്‍സെസ് തിയാഫോയെ നേരിടും. രണ്ട് അമേരിക്കന്‍ താരങ്ങളും തങ്ങളുടെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പ്രവേശനമാണ് ലക്ഷ്യമിടുന്നത്. മുന്‍കാല ഏറ്റുമുട്ടലുകളില്‍ ഷെല്‍ട്ടണ്‍ തിയാഫോയ്ക്കെതിരെ 3-1 ന് മുന്നിലാണ്. യുഎസ് ഓപ്പണില്‍ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്; 2023 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷെല്‍ട്ടണ്‍ വിജയിച്ചപ്പോള്‍ 2024 ലെ മൂന്നാം റൗണ്ടില്‍ തിയാഫോ വിജയിച്ചു.
അല്‍ക്കരാസിനെ സംബന്ധിച്ചിടത്തോളം, ഈ തോല്‍വി അദ്ദേഹത്തിന്റെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീട പ്രതീക്ഷകള്‍ക്കും, റോജര്‍ ഫെഡറര്‍ക്ക് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പുരുഷ താരമാകാനുള്ള അവസരത്തിനും തിരിച്ചടിയായി. 2025 ലെ യുഎസ് ഓപ്പണ്‍ കിരീടവും ഈ വര്‍ഷം ആദ്യത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയവും ഉള്‍പ്പെടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 18 മത്സരങ്ങള്‍ ജയിച്ച മികച്ച ഫോമിലാണ് സ്പാനിഷ് താരം ന്യൂയോര്‍ക്കില്‍ എത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അല്‍ക്കരാസ് മാറിയിരുന്നു. അല്ക്കരാസിനെതിരായ ജയത്തോടെ തിയാഫോയ്ക്കെതിരായ ഓള്-അമേരിക്കന്‍ സെമിഫൈനല്‍ പോരാട്ടത്തിന് ഷെല്‍ട്ടണ്‍ കളമൊരുക്കി. 23-കാരനായ ഷെല്‍ട്ടണ്‍ തന്റെ മികച്ച ഹാര്‍ഡ്-കോര്‍ട്ട് പ്രകടനം തുടരാനും ആദ്യമായി ഒരു മേജര്‍ ഫൈനലില്‍ എത്താനുമാണ് ലക്ഷ്യമിടുന്നത്.
content highlights: Carlos Alcaraz Stunned at US Open: Ben Shelton Knocks Out Defending Champion