ലോക ഹോക്കിയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനുള്ള പ്രതിഭയും സൗകര്യങ്ങളും ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഓസ്ട്രേലിയന്‍ ഹോക്കി ഇതിഹാസം ജാമി ദ്വയര്. എന്നാല്‍ തങ്ങളുടെ പൂര്‍ണ ശേഷി പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീം പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായ 47-കാരനായ ദ്വയര്, ഓസ്ട്രേലിയക്കായി 365 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും 244 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2004-ലെ ആതന്‍സ് ഒളിംപിക്സ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി ഓസ്ട്രേലിയക്ക് സ്വര്‍ണം സമ്മാനിച്ചതും 2010, 2014 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവുമായിരുന്നു അദ്ദേഹം.
ഹോക്കിയില്‍ നിന്ന് വിരമിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കളിയുടെ വേഗതയിലും സാങ്കേതിക തികവിലും വന്ന മാറ്റങ്ങള്‍ കണ്ടുനില്ക്കാന് ഏറെ രസകരമാണെന്ന് അദ്ദേഹം പറഞ്ഞു. 'ആധുനിക ഹോക്കി ഏറെ മാറിപ്പോയി. കളി കൂടുതല്‍ വേഗത്തിലായി, പ്രത്യേകിച്ച് പന്തിന്റെ ചലനം. വളരെ വേഗത്തില്‍ കളിക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ മനോഹരമാണ്. നിലവിലുള്ള ലോകകപ്പിലെ ചില മത്സരങ്ങള്‍ ഞാന്‍ കണ്ടു. ഇന്നത്തെ കളിക്കാര്‍ അതിശയിപ്പിക്കുന്ന പ്രതിഭയും കായികക്ഷമതയുമുള്ളവരാണ്' -ദ്വയര് പറഞ്ഞു. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന നിലവിലെ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. അവര്‍ക്ക് ഈ ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിയും. എന്നാല്‍ ഡച്ച്, ഓസ്ട്രേലിയന്‍, ജര്‍മ്മന്‍ ടീമുകളെപ്പോലെ മത്സരങ്ങളില്‍ തുടര്‍ച്ചയായ സ്ഥിരത പുലര്‍ത്താന്‍ അവര്‍ പഠിക്കണം. ഒരാളെ മാത്രം എടുത്തുപറയാനാവില്ല, മികച്ച പ്രതിഭകള്‍ ഇന്ത്യക്കുണ്ട്. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ദ്ധരും അവര്‍ക്കുണ്ട്. പ്രകടനത്തില്‍ സ്ഥിരത വരാന്‍ തുടങ്ങിയാല്‍ ഇന്ത്യയെ തടയുക അസാധ്യമാകും' -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഐപിഎല്‍ ഉണ്ടാക്കിയ മാറ്റത്തിന് സമാനമായ സ്വാധീനം ഹോക്കിയില്‍ വരുത്താന്‍ 'ഹോക്കി ഇന്ത്യ ലീഗിന്' സാധിക്കുമെന്നും, കൃത്യമായ സംവിധാനം നിലവില്‍ വന്നാല്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ തോല്‍പ്പിക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നായകന് ഹര്‍മന്‍പ്രീത് സിങ്ങിനെ പ്രശംസിച്ച ദ്വയര്, ടൂര്‍ണമെന്റ് കഴിയുമ്പോള്‍ തങ്ങളുടെ നൂറു ശതമാനവും നല്കി എന്ന് ഉറപ്പാക്കുന്ന രീതിയില്‍ കളിക്കണമെന്നും ഇന്ത്യന്‍ ടീമിനെ ഉപദേശിച്ചു. നിലവില്‍ ക്രിക്കറ്റിലേക്കും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ദ്വയര്, മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് നായകന് സ്റ്റീവ് വോക്കൊപ്പം യൂറോപ്യന്‍ ടി10 പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഹോക്കിയിലെ തത്സമയ കാഴ്ചാനുഭവം മനോഹരമാണെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ രീതിയില്‍ കളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രക്ഷേപണം ചെയ്യുന്ന കാര്യത്തില്‍ ഹോക്കി, ക്രിക്കറ്റിനെ കണ്ടുപഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് രാഹുല്‍ ദ്രാവിഡിനെയും സ്റ്റീവ് വോയെയും ദ്വയര് പ്രശംസിച്ചു. ഇരു താരങ്ങളുടെയും വ്യക്തിത്വവും സത്യസന്ധതയും എടുത്തുപറഞ്ഞ അദ്ദേഹം, യൂറോപ്പില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇരുവരുടെയും സാന്നിധ്യം വലിയ കരുത്താകുമെന്നും കൂട്ടിച്ചേര്‍ത്തു.
content highlights: India Has What It Takes to Win the Hockey World Cup: Jamie Dwyer