'ശരീരം പറയുമ്പോൾ നിർത്താതെ വയ്യ'; കോർട്ടിനോട് വിടപറഞ്ഞ് വിക്ടർ അക്സെൽസൺ

ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽനിന്ന് വിരമിച്ചു

ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽനിന്ന് വിരമിച്ചു. രണ്ട് തവണ വീതം ഒളിമ്പിക് സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പും നേടിയ മുപ്പത്തിരണ്ടുകാരനായ ഡാനിഷ് താരം, ദീർഘനാളായുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് കളിനിർത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒക്ടോബറിൽ പരിക്കുകൾ വീണ്ടും അലട്ടിയതോടെ പരിശീലനത്തിനോ മത്സരങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വേദന വിട്ടുമാറാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മനമില്ലാമനസ്സോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് അക്‌സെൽസൺ പറഞ്ഞു.

തുടർച്ചയായി 183 ആഴ്ചകൾ ലോക ഒന്നാംനമ്പർ താരമായിരുന്ന അക്‌സെൽസൺ, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ്. ടോക്യോ, പാരീസ് ഒളിമ്പിക്‌സുകളിലെ സ്വർണവേട്ടയും 2017, 2022 വർഷങ്ങളിലെ ലോക കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. ആസ്ത്മ പോലുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇത്രയും കാലം കോർട്ടിൽ ആധിപത്യം പുലർത്തിയത്. 2025 ഒക്ടോബറിൽ നടന്ന ഡെന്മാർക്ക് ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.

Content Highlights: Viktor Axelsen, two-time Olympic and world champion, retires from professional badminton 

To advertise here,contact us