ഹാരി കെയ്‌നും മൈക്കല്‍ ഒലീസയ്ക്കും പരിക്ക്, ബയേണിന് ആശങ്ക!

കൊളോണിനെതിരെ നടന്ന ബുണ്ടസ്ലിഗ മത്സരത്തിലാണ് ഹാരി കെയ്നിനും മൈക്കല്‍ ഒലിസെയ്ക്കും പരിക്കേറ്റ് കളം വിടേണ്ടി വന്നത്

കൊളോണിനെതിരെ നടന്ന ബുണ്ടസ്ലിഗ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിനും മൈക്കല്‍ ഒലിസെയ്ക്കും പരിക്കേറ്റ് കളം വിടേണ്ടി വന്നതോടെ ബയേണ്‍ മ്യൂണിക്ക് കടുത്ത ആശങ്ക. അടുത്തിടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറുകയും അന്താരാഷ്ട്ര ഇടവേളയില്‍ രണ്ട് ഗോളുകള്‍ നേടുകയും ചെയ്ത കെയ്ന്‍, ഒരു ടാക്കിളിനെത്തുടര്‍ന്ന് കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 19-ാം മിനിറ്റിലാണ് കളം വിട്ടത്. മൈതാനത്ത് പ്രാഥമിക ചികിത്സ തേടിയ ശേഷം ബയേണിന്റെ മെഡിക്കല്‍ സ്റ്റാഫിനൊപ്പം അദ്ദേഹം നേരെ ടണലിലേക്ക് നടന്നുപോയി.

ടോട്ടത്തിലായിരുന്ന കാലത്ത് കെയ്‌നെ തുടര്‍ച്ചയായ കണങ്കാല്‍ പരിക്കുകള്‍ അലട്ടിയിരുന്നു. എന്നാല്‍ 2023ല്‍ ബയേണ്‍ മ്യൂണിക്കില്‍ ചേര്‍ന്നതിന് ശേഷം ഈ ഭാഗത്ത് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാതെ നോക്കാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിരുന്നു. 2020ല്‍ ഹാംസ്ട്രിംഗ് പരിക്കിന് ശേഷം ഒരു പുതിയ ഫിസിയോതെറാപ്പിസ്റ്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് തുടര്‍ച്ചയായ പരിക്കുകളില്‍ നിന്ന് മുക്തി നേടാന്‍ തന്നെ സഹായിച്ചതെന്ന് കെയ്ന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഒരു ടാക്കിളിനെത്തുടര്‍ന്ന് പരിക്കേറ്റ ഒലിസെയ്ക്കും മത്സരം പൂര്‍ത്തിയാക്കാനായില്ല. മൈതാനത്ത് ചികിത്സ തേടിയ ശേഷം കളം വിട്ട ഫ്രഞ്ച് വിംഗര്‍ക്ക് പകരം ടിം ബിന്‍ഡറാണ് ഇറങ്ങിയത്; താരത്തിന്റെ ബുണ്ടസ്ലിഗ അരങ്ങേറ്റമായിരുന്നു ഇത്.

ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് ലൂയിസ് ഡയസ് നേരത്തെ തന്നെ മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു, ജമാല്‍ മുസിയാലയാകട്ടെ പകരക്കാരുടെ ബെഞ്ചിലുമായിരുന്നു. ഇതോടെ ബിഷോഫ്, ബിന്‍ഡര്‍, ലെന്നാര്‍ട്ട് കാള്‍, നഥാനിയേല്‍ ബ്രൗണ്‍ എന്നിവരടങ്ങുന്ന പുനഃക്രമീകരിച്ച മുന്നേറ്റനിരയുമായാണ് ബയേണ്‍ ആദ്യ പകുതി പൂര്‍ത്തിയാക്കിയത്. 12-ാം മിനിറ്റില്‍ മൈക്കി മൂര്‍ കൊളോണിനെ മുന്നിലെത്തിച്ചതോടെ ബുണ്ടസ്ലിഗയിലെ ഒന്നാം സ്ഥാനക്കാര്‍ പിന്നിലായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ബ്രൗണ്‍ ബയേണിനായി സമനില ഗോള്‍ നേടി.

കൊളോണിനെതിരായ മത്സരത്തിന് ശേഷം ബുണ്ടസ്ലിഗയുടെ ഇടവേളയ്ക്ക് മുന്‍പ് ബയേണിന് ഏഴ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ലില്ലെ, സ്ലാവിയ പ്രാഗ് എന്നിവര്‍ക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളും ഇവരുടെ വരാനിരിക്കുന്ന മത്സരക്രമത്തില്‍ ഉള്‍പ്പെടുന്നു. കെയ്നിനും ഒലിസെയ്ക്കും ഏറ്റ പരിക്കുകളുടെ ഗൗരവം എത്രത്തോളമാണെന്ന് ക്ലബ്ബ് വ്യക്തമായിട്ടില്ല.

content highlights: Harry Kane and Michael Olise Injured; Major Concern for Bayern Munich

To advertise here,contact us