ഇന്‍ഫാന്റിനോ തെറിക്കുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുപേര്‍; തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം

2016-ല്‍ സംഘടനയുടെ തലപ്പത്തെത്തിയ ശേഷം ഇന്‍ഫാന്റിനോ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടുന്നത് ഇതാദ്യമായാണ്

അടുത്ത വര്‍ഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി മൂന്ന് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചതായി ആഗോള ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ സ്ഥിരീകരിച്ചു. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് പുറമെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ, ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കോസോ താഷിമ എന്നിവരാണ് മത്സരരംഗത്തുള്ളത്. 2027 മാര്‍ച്ച് 18-ന് മൊറോക്കോയിലെ റബാത്തില്‍ നടക്കുന്ന 77-ാമത് ഫിഫ കോണ്‍ഗ്രസിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 2016-ല്‍ സംഘടനയുടെ തലപ്പത്തെത്തിയ ശേഷം ഇന്‍ഫാന്റിനോ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടുന്നത് ഇതാദ്യമായാണ്.

2026 ഏപ്രില്‍ 29-ന് ഫിഫ കൗണ്‍സില്‍ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടേറിയറ്റിന് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചതെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അവരുടെ കുടുംബപ്പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഫിഫ ഗവേണന്‍സ് റെഗുലേഷന്‍സ് അനുസരിച്ച് പരിശോധിക്കുന്നതിനും സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്നതില്‍ തീരുമാനമെടുക്കുന്നതിനുമായി പത്രികകള്‍ ഇലക്ടറല്‍ കമ്മിറ്റിക്ക് കൈമാറിയതായി ഫിഫ വ്യക്തമാക്കി. 'നിര്‍ദ്ദേശിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ 2027 ഫെബ്രുവരി 18-ന് മുമ്പായി അംഗ അസോസിയേഷനുകളെ അറിയിക്കും' -ഫിഫ പ്രസ്താവനയില്‍ പറഞ്ഞു.

2023-ല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായ ഡിയാലോ, ഈ ആഴ്ച ആദ്യമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഫിഫ കൗണ്‍സിലിലും പ്രതിനിധീകരിക്കുന്ന അംഗ അസോസിയേഷനുകളുടെ പിന്തുണ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ട്. ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ താഷിമയും ഈ മാസം ആദ്യം ഇന്‍ഫാന്റിനോയെ വെല്ലുവിളിക്കാനുള്ള തന്റെ താല്പര്യം വ്യക്തമാക്കുകയും ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2016-ല്‍ സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി എത്തിയ ഇന്‍ഫാന്റിനോ, 2019-ലും 2023-ലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിഫയുടെ നേതൃത്വത്തെയും ഭരണനിര്‍വ്വഹണത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് 56-കാരനായ ഈ സ്വിസ്-ഇറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും ഒരു ടേം കൂടി തേടുന്നത്. ലോകകപ്പിന്റെയും മറ്റ് പ്രധാന ടൂര്‍ണമെന്റുകളുടെയും ഓഹരികള്‍ വിറ്റ് നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' എന്ന പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭരണകാലയളവ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി പിന്നീട് പരാജയപ്പെടുകയായിരുന്നു.

ഈ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് നിരവധി യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതില്‍ ഡിയാലോ പ്രധാന പങ്കുവഹിച്ചിരുന്നു. ഫ്രഞ്ച് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച വേളയില്‍, ആഗോള ഫുട്‌ബോള്‍ സമൂഹത്തില്‍ പുതിയ ഐക്യവും വിശ്വാസവും വേണമെന്ന് യുവേഫയും ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന മുന്‍ സ്വിസ് അന്താരാഷ്ട്ര താരം റാമോണ്‍ വേഗയെ ഫിഫ പുറത്തുവിട്ട മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2027 ഫെബ്രുവരി 18-നകം അംഗീകൃത സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക അംഗ അസോസിയേഷനുകളെ അറിയിക്കുന്നതിന് മുന്നോടിയായി ഇലക്ടറല്‍ കമ്മിറ്റി ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധിക്കും.

content highlights: Will Infantino Be Ousted? Three Candidates Enter Race for Next Year's FIFA Presidential Election

To advertise here,contact us