സൗദി പ്രോ ലീഗ് ഫുട്ബോള്‍ പോരാട്ടത്തില്‍ അബ്ഹയ്ക്കെതിരെ വിജയംകുറിച്ച് അല്‍ നസ്ര്. ഒന്നിനെതിരെ രണ്ടുഗോളിനാണ് വിജയം നേടിയത്. മത്സരത്തില്‍ ലെജന്‍ഡറി സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 979-ാം പ്രൊഫഷണല്‍ ഫുട്ബോള്‍ ഗോള്‍ കുറിച്ചു. ബ്രസീലിന്റെ എയ്ഞ്ചലോ ഗബ്രിയേല്‍ എടുത്തുനല്‍കിയ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ അല്‍ നസ്റിനായി അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് 58-ാം മിനിറ്റില്‍ അബ്ദുള്ള അല്‍-ഹംദാന്‍ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 75-ാം മിനിറ്റില്‍ നബീല്‍ ഫെക്കിര്‍ അബ്ഹയ്ക്കായി ഒരു ഗോള്‍ തിരിച്ചടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും, തുടര്‍ന്ന് സ്കോര്‍നില മാറ്റമില്ലാതെ നിലനിര്‍ത്താന്‍ അല്‍ നസ്റിനായി.
ഈ സീസണില്‍ ഇതുവരെ അഞ്ച് ജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അല്‍ നസ്ര് രണ്ടാം സ്ഥാനത്താണ്. ചിരവൈരികളായ അല്‍ ഹിലാല്‍ മികച്ച ഗോള്‍ ശരാശരിയുടെ കരുത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഇരു ടീമുകള്‍ക്കും 15 പോയിന്റ് വീതമാണുള്ളത്.
സൗദി പ്രോ ലീഗില്‍ അബ്ഹയ്ക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. എയ്ഞ്ചലോ തലിസ്ക, കാര്‍ലോസ് സ്ട്രാന്ഡ്ബെര്ഗ് എന്നിവര്‍ക്കൊപ്പമാണ് ഈ നേട്ടം താരം പങ്കിടുന്നത്. 41-കാരനായ റൊണാള്‍ഡോ അബ്ഹയ്ക്കെതിരെ എടുത്ത എട്ട് ഷോട്ടുകളില്‍ നാലെണ്ണവും ഗോളാക്കി മാറ്റി. മത്സരശേഷം 'കഠിനാധ്വാനം ഫലം ചെയ്യും' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് ക്രിസ്റ്റ്യാനോ വിജയം ആഘോഷിച്ചത്. ഈ സീസണില്‍ ഇതുവരെ അല്‍ നസ്റിനായി മൂന്ന് ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. സൗദി പ്രോ ലീഗില്‍ അദ്ദേഹത്തിന്റെ 105-ാം ഗോളാണിത്. അല്‍ നസ്റിനായി കളിച്ച 154 മത്സരങ്ങളില്‍ നിന്നുള്ള 132-ാം ഗോള്‍ കൂടിയാണിത്.അതേസമയം, ഫുട്ബോളില്‍ അദ്ദേഹത്തിന്റെ 979-ാം ഗോളാണിത്. ആയിരം ഗോളെന്ന നാഴികക്കല്ലിലേക്ക് ഇനി വേണ്ടത് വെറും 21 ഗോളുകള്‍ മാത്രമാണ്. ചരിത്രത്തിലേക്ക് അദ്ദേഹം അധികംവൈകാതെ എത്തുമെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷ.
content highlights: Goal No. 979! Cristiano Ronaldo Scores Again as Al Nassr Charge Ahead