എമിലിയാനോ മാര്‍ട്ടിനെസിനെ സ്വന്തമാക്കി ചെല്‍സി

ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ ചെല്‍സിയിലെത്തുന്നത്

ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീനിയന്‍ ലോകകപ്പ് ജേതാവായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സ്വന്തമാക്കി. മൂന്ന് വര്‍ഷത്തെ കരാറിലാണ് 33-കാരനായ മാര്‍ട്ടിനെസ് ബ്ലൂസിന്റെ നിരയിലെത്തുന്നത്. പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ ഗോള്‍കീപ്പിംഗ് നിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചെല്‍സിയുടെ ഈ നീക്കം. ചെല്‍സിയില്‍ ചേരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും തനിക്ക് ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നുവെന്നും കരാര്‍ ഒപ്പിട്ട ശേഷം മാര്‍ട്ടിനെസ് പറഞ്ഞു. 'ചെല്‍സി പോലുള്ള ഒരു വലിയ ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഇവിടെ കിരീടങ്ങള്‍ നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ കളിക്കുന്ന ഓരോ മത്സരത്തിലും പരിശീലനത്തിലും 100 ശതമാനവും നല്‍കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡിപെന്‍ഡ്യന്റെയുടെ യൂത്ത് സിസ്റ്റത്തിലൂടെ കരിയര്‍ ആരംഭിച്ച മാര്‍ട്ടിനെസ് 2010-ലാണ് ആഴ്സണലില്‍ എത്തുന്നത്. തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ആസ്റ്റണ്‍ വില്ലയിലെത്തി. വില്ലയ്ക്കായി ആറ് സീസണുകളിലായി 256 മത്സരങ്ങളില്‍ കളിച്ച താരം കഴിഞ്ഞ മേയില്‍ യൂറോപ്പ ലീഗ് കിരീടവും ടീമിനൊപ്പം സ്വന്തമാക്കി.

2021-ല്‍ അര്‍ജന്റീനയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച മാര്‍ട്ടിനെസ്, 2022-ലെ ഫിഫ ലോകകപ്പ് വിജയത്തിലും 2021, 2024 കോപ്പ അമേരിക്ക വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി 2023-ലും 2024-ലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി 67 അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹം ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.\

content highlights: Chelsea Complete Signing of Argentina’s World Cup Winning Goalkeeper Emiliano Martínez

To advertise here,contact us