ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഫുട്‌ബോള്‍ മൈതാനത്തേക്ക്; ഇത്തവണ മാഞ്ചെസ്റ്ററില്‍

മാഞ്ചസ്റ്ററിലെ ഒരു ക്ലബ്ബില്‍ താരം രജിസ്റ്റര്‍ ചെയ്തു, ഈ സീസണില്‍ കളിച്ചേക്കും

ഇതിഹാസ അത്ലറ്റും ഒളിമ്പിക്, ലോക ചാമ്പ്യനുമായ ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഫുട്‌ബോള്‍ ബൂട്ടണിയാന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ആസ്ഥാനമായുള്ള 35 വയസ്സിന് മുകളിലുള്ളവരുടെ 'വൈതന്‍ഷാ വെറ്റ്സ് എഫ്.സി' എന്ന വെറ്ററന്‍സ് ക്ലബ്ബിന്റെ രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയിലാണ് ബോള്‍ട്ട് ഉള്‍പ്പെട്ടിരിക്കുന്നത്.

ദി ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ബോള്‍ട്ടിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിച്ച ശേഷം ഫുട്‌ബോളിലേക്ക് ശ്രദ്ധ തിരിച്ച പ്രമുഖ താരങ്ങളെ ആകര്‍ഷിച്ച ക്ലബ്ബാണിത്. മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ എമില്‍ ഹെസ്‌കി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ അന്റോണിയോ വലന്‍സിയ, പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ജോലിയന്‍ ലെസ്‌കോട്ട്, ഡാനി ഡ്രിങ്ക്വാട്ടര്‍ എന്നിവരും ഈ സീസണില്‍ വെറ്ററന്‍സ് ടീമിനായി കളിക്കുന്നുണ്ട്. ഈ സീസണില്‍ ബോള്‍ട്ട് ടീമിനായി കളിക്കുമെന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 40-ാം വയസ്സിലേക്ക് കടക്കുന്ന 100 മീറ്ററിലെ ലോക റെക്കോര്‍ഡ് ഉടമ വീണ്ടും മൈതാനത്തിറങ്ങാനുള്ള സാധ്യതയേറെയാണ്.

2017 ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ശേഷം അത്ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. 2018 ല്‍ ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബ്ബായ 'സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സി'നായി ഒരു സൗഹൃദ മത്സരത്തില്‍ കളിച്ച അദ്ദേഹം രണ്ട് ഗോളുകളും നേടി. തുടര്‍ന്ന് ക്ലബ്ബുമായി കരാറിലെത്തിയെങ്കിലും എട്ട് ആഴ്ചകള്‍ക്ക് ശേഷം ടീം വിടുകയും 2019 തുടക്കത്തോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയുമായിരുന്നു.

content highlights: Usain Bolt Returns to Football Field: Set to Play in Manchester

To advertise here,contact us