വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം വലിയൊരു നാണക്കേടിന്റെ ദിനമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനെതിരെയാണ് സ്റ്റിമാച്ച് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
നിശ്ചയിക്കപ്പെട്ടിരുന്ന എ.എഫ്.എഫ് കപ്പില്‍നിന്ന് പിന്മാറി ബ്രസീലിനെതിരെ പ്രദര്‍ശന മത്സരം നടത്താനുള്ള ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനത്തെ സ്റ്റിമാച്ച് ചോദ്യം ചെയ്തു. ഇത് വെറുമൊരു 'മാര്‍ക്കറ്റിംഗ് തന്ത്രം' മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 'ഫുട്ബോളില്‍ കൃത്യമായ ഒരു തന്ത്രമോ കാഴ്ചപ്പാടോ ഇല്ലാത്ത ആളുകളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഒക്ടോബറിലെ ഒഫീഷ്യല്‍ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ കളിക്കേണ്ട ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് പിന്മാറിയാണ് ഇത്തരമൊരു പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്' -സ്റ്റിമാച്ച് പറഞ്ഞു.
'ഇന്ത്യ കളിക്കേണ്ടത് അവര്‍ക്ക് അനുയോജ്യരായ എതിരാളികള്‍ക്കെതിരെയാണ്. മത്സരിച്ച് ജയിക്കാന്‍ കഴിയുന്ന ടീമുകള്‍ക്കെതിരെ കളിച്ച് റാങ്കിങ്ങും ആത്മവിശ്വാസവും ഉയര്‍ത്തുകയാണ് വേണ്ടത്. അതിനു പകരം ബ്രസീലിനെയോ അര്‍ജന്റീനയെയോ പോലുള്ള മുന്‍നിര ടീമുകളെ കൊണ്ടുവന്ന് കളിക്കുന്നത് വലിയ തോല്‍വിയിലേക്കും നാണക്കേടിലേക്കും മാത്രമേ നയിക്കൂ. ഇതില്‍ നിന്ന് പോസിറ്റീവായി ഒന്നും പഠിക്കാനില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള ഭീമമായ സാമ്പത്തിക ചെലവിനെച്ചൊല്ലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയയും എഐഎഫ്എഫിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പണം രാജ്യത്തെ താഴെത്തട്ടിലുള്ള ഫുട്ബോള്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണമെന്നായിരുന്നു ഭൂട്ടിയയുടെ ആവശ്യം. അതേസമയം, നിലവിലെ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ വരാനിരിക്കുന്ന പോരാട്ടത്തെ പോസിറ്റീവായാണ് കാണുന്നത്. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ക്കെതിരെ കളിക്കാന്‍ കഴിയുന്നത് വലിയൊരു അനുഭവമായിരിക്കുമെന്ന് പ്രതിരോധ താരം സന്ദേഷ് ജിങ്കന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയനും പിന്തുണച്ച് രംഗത്തെത്തി. ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനം യുവതാരങ്ങള്‍ക്ക് ആയുഷ്കാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്ന വലിയൊരു അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് പറഞ്ഞു.
content highlights: India vs Brazil Match Will Be a Day of Embarrassment: Warns Former India Coach