റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; കളിക്കുക ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റാവെന്നയില്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം തിരിച്ചെത്തുന്നത്

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന്‍ (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്‌ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡിഞ്ഞോ, 2002-ല്‍ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പും 2006-ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയിട്ടുണ്ട്.

1998 മുതല്‍ 2015 വരെ ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന റൊണാള്‍ഡിഞ്ഞോ, തന്റെ കരിയറിന്റെ മികച്ച സമയത്ത് പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍, ബാഴ്‌സലോണ, എ.സി മിലാന്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ടീം, വ്യക്തിഗത ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ കരിയറില്‍ 700-ലധികം മത്സരങ്ങളില്‍ നിന്നായി 280-ഓളം ഗോളുകള്‍ റൊണാള്‍ഡിഞ്ഞോ നേടിയിട്ടുണ്ട്. 2000-ത്തിന്റെ മധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിഗത കരിയറിന്റെ സുവര്‍ണകാലം. 2005-ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കി. അന്താരാഷ്ട്ര തലത്തില്‍, 2002-ലെ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ റൊണാള്‍ഡിഞ്ഞോ അംഗമായിരുന്നു.

കോപ്പ അമേരിക്ക, ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍, ബാഴ്‌സലോണയുടെ 2005-06 യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും രണ്ട് ലാ ലിഗ കിരീടങ്ങളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പിന്നീട് എ.സി മിലാനൊപ്പം സീരി എ കിരീടവും, അത്‌ലറ്റിക്കോ മിനെയ്‌റോയ്‌ക്കൊപ്പം കോപ്പ ലിബര്‍ട്ടഡോറസും സ്വന്തമാക്കി. വിഖ്യാതമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതിന് പിന്നാലെയാണ് റൊണാള്‍ഡീഞ്ഞോ വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നത്.

content highlights: Ronaldinho Returns to Football at 46: Joins Italian Serie C Club Ravenna

To advertise here,contact us