ഫിഫ അന്താരാഷ്ട്ര മാച്ച് വിന്‍ഡോയുടെ ഭാഗമായി ഇന്ത്യന്‍ പുരുഷ ദേശീയ ഫുട്ബോള്‍ ടീം നവംബറില്‍ ന്യൂസീലന്‍ഡ് പര്യടനം നടത്തും. ആതിഥേയരായ ന്യൂസിലന്‍ഡുമായി രണ്ട് സൗഹൃദ മത്സരങ്ങളിലാണ് ഇന്ത്യ കളിക്കുകയെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. ആദ്യ മത്സരം നവംബര്‍ 12-ന് ഓക്ലന്‍ഡിലെ ഗോ മീഡിയ സ്റ്റേഡിയത്തിലും രണ്ടാമത്തെ മത്സരം നവംബര്‍ 15-ന് ക്രൈസ്റ്റ്ചര്‍ച്ചിലെ വണ്‍ ന്യൂസിലന്‍ഡ് സ്റ്റേഡിയത്തിലും നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കായികരംഗത്തെ ബന്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന '100 ഇയേഴ്സ് ഓഫ് യൂണിറ്റി ത്രൂ സ്പോര്‍ട്സ്' പരിപാടികളുടെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയും ന്യൂസീലന്‍ഡും ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 1981-ല്‍ മലേഷ്യയില്‍ നടന്ന മെര്‍ദേക്ക ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍, 2018-ല്‍ മുംബൈയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂസീലന്‍ഡ് പര്യടനമാണിത്. കൂടാതെ ഒഎഫ്സി അംഗരാജ്യത്തിലേക്ക് 2005-ന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യത്തെ യാത്ര കൂടിയാണിത്. ഇതിന് മുമ്പ് ഫിജിക്കെതിരെയായിരുന്നു ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുത്ത ന്യൂസീലന്‍ഡ് ടീം, ഇറാനോട് സമനില വഴങ്ങുകയും ഈജിപ്ത്, ബെല്‍ജിയം എന്നീ ടീമുകളോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
'ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന ടീമുകളെ നേരിടുന്നത് എപ്പോഴും നല്ലൊരു അനുഭവമാണ്,' -ഇന്ത്യയുടെ മുഖ്യ പരിശീലകന് ഖാലിദ് ജമീല്‍ പറഞ്ഞു. 'അടുത്തിടെ ഫുട്ബോള്‍ ലോകകപ്പില്‍ കളിച്ച, പരിചയസമ്പത്തുള്ള ടീമാണ് ന്യൂസീലന്‍ഡ്. അവരുടെ നാട്ടില്‍ പോയി അവരെ നേരിടുന്നത് നമ്മുടെ കളിക്കാര്‍ക്ക് മികച്ച അനുഭവവുമായിരിക്കും. ഈ മത്സരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Blue Tigers to face New Zealand; India gears up for international clash