ഇത് ചരിത്രം; സെമിയിൽ ഏറ്റുമുട്ടാൻ ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ

നിലവിൽ ഫ്രാൻസ് റാങ്കിങ്ങിൽ ഒന്നാമതും അർജന്റീന രണ്ടാമതും സ്പെയിൻ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്

2026 ഫിഫ ലോകകപ്പ് സെമി പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമിയിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. നിലവിൽ ഫ്രാൻസ് റാങ്കിങ്ങിൽ ഒന്നാമതും അർജന്റീന രണ്ടാമതും സ്പെയിൻ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്.

ഫ്രാൻസ് - സ്പെയിൻ പോരാട്ടമാണ് സെമിഫൈനലിൽ ആദ്യം നടക്കുന്നത്. മോറോക്കോയെ തകർത്താണ് ഫ്രാൻസ് സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ക്വാർട്ടറിൽ ഫ്രഞ്ച് പട മോറോക്കോയെ തകർത്തിരുന്നത്. അതേസമയം, ബെൽജിയത്തെ തോൽപ്പിച്ചാണ് സ്പെയിനിന്റെ വരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിൻ അന്ന് ജയം സ്വന്തമാക്കിയത്. ജൂലൈ 14 അർധരാത്രി 12:30നാണ് മത്സരം അരങ്ങേറുന്നത്.

ലോകകപ്പിൽ രണ്ടാമത് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. നോർവേയെ മടക്കി അയച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഇംഗ്ലണ്ട് വിജയിച്ചത്. അതേസമയം, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലാൻഡിനെ ക്വാർട്ടർ പരാജയപ്പെടുത്തിയത്. ജൂലൈ 15 അർധരാത്രി 12:30 നാണ് മത്സരം നടക്കുന്നത്.

Content highlight: FIFA World Cup 2026 semi-finals historic lineup top four ranked teams

To advertise here,contact us